റെക്കോർഡ് വിലയുമായി കേരള ഫാൻസി നമ്പർ

ഫാൻസി നമ്പറുകൾ വാഹനങ്ങൾക്ക് സ്വന്തമാക്കുന്നത് ചിലരുടെ താൽപര്യമാണ്. ലക്ഷങ്ങളും കോടികളും മുടക്കിയാണ് ഇഷ്ട നമ്പർ സ്വന്തമാക്കുന്നത്. 17.15 ലക്ഷം രൂപ മുടക്കി ഭാര്യക്ക് വിവാഹ സമ്മാനമായി കെഎൽ 08 ബിഎൽ 1 എന്ന ഫാൻസി നമ്പർ നൽകി ഖത്തർ വ്യവസായി വാർത്തകളിൽ ഇടം പിടിച്ചത് അടുത്തിടെയാണ്. എന്നാൽ കേരളത്തിലെ ഏറ്റവും വില കൂടിയ നമ്പർ എന്ന ഖ്യാതി ഇനി കെഎൽ 01 സിബി 1 എന്ന നമ്പറിന് സ്വന്തം. തിരുവന്തപുരം സ്വദേശി കെഎസ് ബാലഗോപാലാണ് 18 ലക്ഷം രൂപ മുടക്കി ഈ നമ്പർ സ്വന്തമാക്കിയത്.

നേരത്തെ അടച്ച ഒരു ലക്ഷം രൂപ ഫീസ് അടക്കം കെഎൽ 01 സിബി 1 എന്ന നമ്പറിന്റെ വില 19 ലക്ഷം രൂപ. ടൊയോട്ടയുടെ ലക്ഷ്വറി എസ് യു വി ലാൻഡ് ക്രൂസറിനായാണ് ബാലഗോപാൽ ഈ നമ്പർ സ്വന്തമാക്കിയത്. തിരുവനന്തപുരം ആർ.ടി ഒാഫീസിൽ നടന്ന ലേലത്തിന് നാലുപേരായിരുന്നു. അൻപതിനായിരം രൂപയിൽ തുടങ്ങിയ ലേലം 13 ലക്ഷത്തിൽ എത്തിയതോടെ എതിരാളികൾ പിൻമാറി. ഈ തുകയ്ക്ക് ബാലഗോപാലിന് നമ്പർ സ്വന്തമാക്കാമായിരുന്നെങ്കിലും അഞ്ചുലക്ഷം രൂപ കൂടി കൂട്ടിവിളിച്ച് റെക്കോർഡ് തുക തികയ്ക്കുകയായിരുന്നു.ഇരുപത്തിയെട്ട് ഫാൻസി നമ്പറുകളാണ് തിരുവന്തപുരം ആർടി ഓഫീസിൽ നിന്ന് തിങ്കളാഴ്ച്ച ലേലത്തിൽ പോയത്. കെഎൽ 01 സിഎ 9999 എന്ന നമ്പർ 2 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ പോയതെന്നും. 28 നമ്പറുകളുടെ ലേലത്തിൽ നിന്നായി 2493500 രൂപയാണ് ലഭിച്ചതെന്നും ആർടി ഓഫീസിൽ നിന്ന് അറിയിച്ചു.

നേരത്തെ തൃശൂർ സ്വദേശി ലത്തിഫായിരുന്നു കേരളത്തിൽ ഏറ്റവും അധികം തുക മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കിയത്. ഇതുകൂടാതെ സിനിമാതാരം പൃഥ്വിരാജ് ഏകദേശം എട്ടു ലക്ഷം രൂപയ്ക്കു ഫാൻസി നമ്പർ സ്വന്തമാക്കിയിരുന്നു. ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി എസ് യു വിയാണ് ലാൻഡ് ക്രൂസർ. 4461 സിസി വി8 ഡീസൽ എൻജിനാണ് ഈ കരുത്തൻ എസ് യുവിയെ ചലിപ്പിക്കുന്നത്. 3400 ആർപിഎമ്മിൽ 262 ബിഎച്ച്പി കരുത്തും 1600 ആർപിഎമ്മിൽ 650 എൻഎം ടോർക്കും നൽകുന്നുണ്ട് ഈ എൻജിൻ. ഏഴു പേർക്ക് സഞ്ചരിക്കാവുന്ന ഫുൾ‌സൈസ് എസ് യു വിയുടെ കൊച്ചി എക്സ് ഷോറൂം വില 1.36 കോടി രൂപയാണ്.