തലകീഴായ് മറിഞ്ഞാലും ഈ വാഹനം സുരക്ഷിതം; വിഡിയോ

Volvo XC 60

ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനമാണ് വോൾവോ എന്നാണു പറയാറ്. പല സുരക്ഷാ സംവിധാനങ്ങളും ആദ്യമായി അവതരിപ്പിക്കുന്നതും അവർ തന്നെ. ക്രാഷ് ടെസ്റ്റുകളിൽ‌ സുരക്ഷയുടെ കാര്യത്തിൽ മുഴുവൻ മാർക്കും ലഭിച്ച വോൾവോ എക്സ് സി 60–ന്റെ റോൾ ഓവർ ടെസ്റ്റും നടത്തിയിരിക്കുന്നു. ഈ മാസം ആദ്യമാണ് കമ്പനി റോൾഓവർ ക്രാഷ് ടെസ്റ്റ് വിഡിയോ പുറത്തിറക്കിയത്.

വാഹനം തലകീഴായി മറിഞ്ഞാലും ഉള്ളിലെ യാത്രക്കാർ സുരക്ഷിതരാണെന്നാണു വോൾവോ പറയുന്നത്. 30 മൈൽ (ഏകദേശം 48 കിലോമീറ്റർ) വേഗത്തിലാണു ക്രാഷ് ടെസ്റ്റ് നടത്തിയത്. ഈ വർഷം വിപണിയിലെത്തിയ എക്സ് സി 90 ൽ ഏറ്റവും മികച്ച സുരക്ഷയുണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു. 

റോൾ ഓവർ‌ ക്രാഷ് ടെസ്റ്റിനെ കൂടാതെ ഫ്രണ്ട് ക്രാഷ് ടെസ്റ്റ് വിഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 35 മൈല്‍ വേഗതയിൽ നടത്തിയ ക്രാഷ് ടെസ്റ്റിലും യാത്രക്കാർ സുരക്ഷിതരാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിപ്ലാഷ് പ്രൊട്ടക്ഷൻ സിസ്റ്റം, സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷൻ സിസ്റ്റം, റോൾ സ്റ്റബിലിറ്റി കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കൊളിഷൻ വാണിങ് ബ്രേക്ക് സപ്പോർട്സ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങൾ പുതിയ എക്സ്‌ സി 60 ലുണ്ട്.

സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ 2008 ലാണ് ആഡംബര ക്രോസ് ഓവറായ എക്സ്‌ സി 60 പുറത്തിറക്കുന്നത്. രണ്ടാം തലമുറ എക്സ് സി 60 ആണ് ഇപ്പോൾ വിപണിയിലുള്ളത്. മൂന്നു പെട്രോൾ എൻജിനും രണ്ട് ഡീസൽ എൻജിനുകളോടെയുമാണ് വോൾവോയുടെ ഈ ക്രോസ് ഓവർ വിപണിയിലെത്തുന്നത്.