ഹാർലി ബൈക്കുകളുടെ വില കുറയുമോ?

Street 750

ഹാർലി ഡേവിഡ്സൻ മോട്ടോർ സൈക്കിളുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന 100%  ഇറക്കുമതി ചുങ്കത്തിൽ കുറവ് വരുത്താൻ ഇന്ത്യ തയാറാവണമെന്നു വൈറ്റ് ഹൗസ് നാഷനൽ ട്രേഡ് കൗൺസിൽ ഡയറക്ടർ പീറ്റർ നവാരോ. ചുങ്കം കുറയ്ക്കുന്നത് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം വർധിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ചുങ്കം കുറയുന്നതോടെ സമ്പാദ്യശീലം ഉപേക്ഷിച്ചു കൂടുതൽ ഇന്ത്യക്കാർ ഹാർലി ഡേവിഡ്സൻ മോട്ടോർ സൈക്കിളുകൾ വാങ്ങും; ബൈക്ക് വിൽപ്പന ഉയരുന്നതോടെ ഹാർലി ഡേവിഡ്സൻ ഇന്ത്യയിൽ അധിക നിക്ഷേപവും നടത്തുമെന്ന് ‘വാൾ സ്ട്രീറ്റ് ജേണലി’ന്റെ പത്രാധിപർക്കുള്ള കത്തുകളിൽ നവാരോ വാദിക്കുന്നു.

യു എസും പങ്കാളികളുമായി നീതിഹരിതമായ വ്യാപാര ബന്ധങ്ങൾ തുടരുന്നത് ഇത്തരത്തിലുള്ള ആയിരക്കണക്കിന് വൈരുധ്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കരുതുന്നു. പരിഹാര നടപടികൾ സ്വീകരിക്കുക വഴി ഉഭയകക്ഷിവ്യാപാരം മെച്ചപ്പെടുത്താനും  സമ്പാദ്യവും നിക്ഷേപവുമൊത്തെ മെച്ചപ്പെടുത്താനും സാധിക്കുമെന്നു നവാരോ കരുതുന്നു. ലോകത്തിലെ ഏറ്റവും വലിയ വിപണിയെന്ന നിലയിൽ യു എസിനുള്ള സ്വാധീനം പ്രയോജനപ്പെടുത്തി ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവ കുറയ്ക്കാൻ സമ്മർദം സൃഷ്ടിക്കാമെന്നാണു നവാരോയുടെ പക്ഷം. ഇതു സാധ്യമായാൽ ഇന്ത്യയിലെ ഹാർലി ഡേവിഡ്സൻ വിൽപ്പന കുത്തനെ ഉയരുമെന്നും അദ്ദേഹം കരുതുന്നു. ഹാർലി ഡേവിഡ്സൻ പോലുള്ള വിദേശ നിർമിത മോട്ടോർ സൈക്കിളുകൾക്ക് 100% ഇറക്കുമതി ചുങ്കമാണ് ഇന്ത്യ ഈടാക്കുന്നത്. 

യു എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തന്നെ ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി ചുങ്ക നിരക്കുകൾ പരാമർശിച്ചിരുന്നു; ഇക്കാര്യം ഇന്ത്യൻ സർക്കാരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനിടെ വ്യാപാര കമ്മി സാമ്പത്തികമായി അപകടകരമാണെന്നതും അതിനാൽ ഇവ ഇല്ലാതാക്കാൻ യു എസ് ശ്രമിക്കണമെന്നുമുള്ള നവാരോയുടെ നിലപാടിനെ ‘വാൾ സ്ട്രീറ്റ് ജേണൽ’ രൂക്ഷമായി വിമർശിച്ചിരുന്നു.