അടുത്ത മാസം അരങ്ങേറാൻ ബി എം ഡബ്ല്യു മോട്ടോറാഡ്

BMW G310R

ജർമൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ ബി എം ഡബ്ല്യു മോട്ടോറാഡിന്റെ ഇന്ത്യൻ അരങ്ങേറ്റം അടുത്ത മാസമെന്ന് ഉറപ്പായി. വിഷുവടക്കം വിവിധ സംസ്ഥാനങ്ങളിൽ വിശേഷ ദിവസമായി പരിഗണിക്കപ്പെടുന്ന 14നാവും ബി എം ഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുക. തുടക്കത്തിൽ അഞ്ചു നഗരങ്ങളിലാവും ബി എം ഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകൾ പ്രവർത്തനം തുടങ്ങുക. ആദ്യഘട്ടത്തിൽ പ്രീമിയം മോട്ടോർ സൈക്കിളുകളാവും ബി എം ഡബ്ല്യു മോട്ടോറാഡിനായി പട നയിക്കുക. ബൈക്ക് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ബി എം ഡബ്ല്യു ജി 310 ആർ’ എത്താൻ വർഷാവസാനം വരെ കാത്തിരിക്കേണ്ടി വന്നേക്കും.

ബി എം ഡബ്ല്യു കാർ ഡീലർമാർ വർഷങ്ങളായി കമ്പനിയുടെ പ്രീമിയം ബൈക്കുകൾ സ്വകാര്യനിലയ്ക്ക് ഇറക്കുമതി ചെയ്തു വിൽക്കുന്നുണ്ട്. എങ്കിലും ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ബി എം ഡബ്ല്യു മോട്ടോറാഡ് ഔദ്യോഗികമായി തീരുമാനിക്കുന്നത് ഇപ്പോഴാണ്. ഇതോടെ വിൽപ്പനയ്ക്കും വിൽപ്പനാന്തര സേവനത്തിനുമൊക്കെ ഔദ്യോഗിക പരിവേഷവും കൈവരും. മാത്രമല്ല, കമ്പനി നേരിട്ടു ബൈക്കുകൾ വിൽപ്പനയ്ക്കെത്തിക്കുമ്പോൾ വിലയിലും നേരിയ കുറവ് പ്രതീക്ഷിക്കാമത്രെ.

ഇന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണു ബി എം ഡബ്ല്യു മോട്ടോറാഡ് പ്രഖ്യാപിച്ചത്. 2016  അവസാനത്തോടെ ബൈക്കുകൾ വിൽപ്പനയ്ക്കെത്തുമെന്നായിരുന്നു മുൻ പ്രഖ്യാപനം. എന്നാൽ ബി എം ഡബ്ല്യു മോട്ടോറാഡിന്റെ സ്വതന്ത്ര ഡീലർഷിപ്പുകൾ പ്രവർത്തനം ആരംഭിച്ചു ബൈക്ക് വിൽപ്പന ആരംഭിക്കാൻ ഇക്കൊല്ലം പകുതിയെങ്കിലുമാവുമെന്നു പിന്നീട് വ്യക്തമായി. 

‘ബി എം ഡബ്ല്യു എസ് 1000 ആർ ആർ’, ‘എസ് 1000 ആർ’, ‘ആർ 1200’, ‘കെ 1600’, ‘ആർ നയൻ ടി’ തുടങ്ങിയവയൊക്കെ ഇന്ത്യൻ നിരത്തു വാഴാൻ എത്തുമെന്നാണു പ്രതീക്ഷ. തുടക്കത്തിൽ വിദേശത്തു നിർമിച്ച ബൈക്കുകൾ ഇറക്കുമതി ചെയ്താവും ഇന്ത്യയിലെ വിൽപ്പന; വിപണിയുടെ പ്രതികരണം വിലയിരുത്തിയശേഷമാവും പ്രാദേശിക തലത്തിലുള്ള നിർമാണം സംബന്ധിച്ച തീരുമാനം. അതുകൊണ്ടുതന്നെ ഇന്ത്യയിൽ നിർമിച്ച ‘ബി എം ഡബ്ല്യു’ ബൈക്കുകൾ അടുത്തൊന്നും വിൽപ്പനയ്ക്കെത്തുമെന്ന പ്രതീക്ഷ വേണ്ട.

എങ്കിലും ചെന്നൈയിലെ ടി വി എസ് മോട്ടോർ കമ്പനിയുമായി സഹകരിച്ചു ബി എം ഡബ്ല്യു വികസിപ്പിച്ച ‘ജി 310 ആർ’ വൈകാതെ വിപണിയിലെത്തുന്നുണ്ട്. ബി എം ഡബ്ല്യുവിനായി ഹൊസൂരിൽ നിർമിക്കുന്ന ഈ ബൈക്കും ഇന്ത്യയിലെ മോട്ടോറാഡ് ശൃംഖലയിൽ വിൽപ്പനയ്ക്കുണ്ടാവും. നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ഗണത്തിൽപെടുന്ന ബൈക്കിനു കരുത്തേകുക 313 സി സി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാവും; പരമാവധി 34 ബി എച്ച പി കരുത്തും 28 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഇന്ത്യയിൽ കെ ടി എം ‘390 ഡ്യൂക്ക്’, ‘മഹീന്ദ്ര മോജൊ’, ബെനെല്ലി ‘ടി എൻ ടി 300’ തുടങ്ങിയവയാകും ബൈക്കിന്റെ എതിരാളികൾ.