ഇറ്റാലിയൻ പൊലീസിന് 3.5 കോടിയുടെ സൂപ്പര്‍കാര്‍

Lamborghini Huracan

ഇറ്റാലിയൻ പൊലീസിനു റോന്തുചുറ്റാൻ ഇനി ലംബോർഗ്നിയുടെ ‘ഹുറാകാൻ’ വരവായി. ക്രമസമാധാനത്തിനു സഹായിക്കുംവിധത്തിൽ പരിഷ്കരിച്ച രൂപകൽപ്പനയോടെയാണ് ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗ്നി പൊലീസിനുള്ള ‘ഹുറാകാൻ’ നിർമിച്ചു നൽകുന്നത്. ബൊളോണയിലെ ദേശീയപാതയിൽ വേഗനിയന്ത്രണം ലംഘിക്കുന്ന ഡ്രൈവർമാരെ പിടികൂടുകയാവും ‘ഹുറാകാന്റെ’ ദൗത്യം. കരുത്തിലും പ്രകടനക്ഷമതയിലുമൊന്നും കടുകിട വിട്ടുവീഴ്ച ചെയ്യാത്ത പാരമ്പര്യമാണു ‘ഹുറാകാന്’ അവകാശപ്പെടാനുള്ളത്. കാറിലെ 5.2 ലീറ്റർ, വി 10 എൻജിനു പരമാവധി 610 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവും; നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ കാറിനു വേണ്ടതു വെറും 3.2 സെക്കൻഡാണ്. ‘ഹുറാകാൻ’ കൈവരിക്കുന്ന പരമാവധി വേഗമാവട്ടെ മണിക്കൂറിൽ 325 കിലോമീറ്ററും. 

ഇതിനു പുറമെ ക്രിമിനലുകളെയും ഗതാഗത നിയമ ലംഘകരെയും പിടികൂടാനുള്ള പ്രത്യേക സൗകര്യങ്ങളും സംവിധാനങ്ങളും ഇറ്റാലിയൻ പൊലീസിനായി പ്രത്യേകം നിർമിച്ചു നൽകിയ, ഔദ്യോഗിക നീല നിറമുള്ള ‘ഹുറാകാൻ’ കാറുകളിലുണ്ട്. പൊലീസ് ടാബ്ലറ്റ് പി സിയെ കാറിലെ ഓൺബോഡ് കംപ്യൂട്ടറിനൊപ്പം ഇണക്കി ചേർത്തതിനു പുറമെ ഗൺ ഹോൾസ്റ്റർ, പോർട്ടബ്ൾ എക്സ്റ്റിങ്ഗ്വഷർ തുടങ്ങിയവയും ഈ ‘ഹുറാകാനി’ലുണ്ട്. പൊലീസിന്റെ ആവശ്യങ്ങൾക്കു പുറമെ അവയവമാറ്റ ശസ്ത്രക്രിയ പോലുള്ള അടിയന്തര ഘട്ടങ്ങളിൽ രക്തവും ശരീരഭാഗങ്ങളുമൊക്കെ ആശുപത്രികളിൽ എത്തിക്കാനും ഈ കാറുകൾ പ്രയോജനപ്പെടുത്തും. 

കുറ്റകൃത്യങ്ങൾ ചെറുക്കാനും ഗതാഗത നിയമങ്ങൾ പാലിക്കാനുമൊക്കെ ദുബായ് പൊലീസിന്റെ മാതൃകയാണ് ഇപ്പോൾ ഇറ്റലിയും പിന്തുടരുന്നത്. കുറ്റക്കാരെ പിടികൂടാൻ ‘ആസ്റ്റൻ മാർട്ടിൻ വൺ 77’, ബെന്റ്ലി ‘കോണ്ടിനെന്റൽ ജി ടി’, പോർഷെ ‘പാനമേറ’, ബി എം ഡബ്ല്യു ‘ഐ എയ്റ്റ്’ തുടങ്ങിയവയൊക്കെയാണു ദുബായ് പൊലീസിന്റെ ഗാരിജിലുള്ളത്.