‘ലീഫു’മായി ഇന്ത്യയിൽ പരീക്ഷണത്തിനു നിസ്സാൻ

വൈദ്യുത കാറായ ‘ലീഫി’ന്റെ ഇന്ത്യയിലെ വിപണന സാധ്യത പരിശോധിക്കാൻ ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനി ഒരുങ്ങുന്നു. സർക്കാർ സ്ഥാപനങ്ങളുമായും സ്വകാര്യ മേഖലയുമായുമൊക്കെ സഹകരിച്ചു ‘ലീഫി’നുള്ള വിപണി പരീക്ഷിക്കാനാണു നിസ്സാന്റെ തയാറെടുപ്പ്. ‘ലീഫി’ന്റെ പരീക്ഷണ വിപണനം ഇക്കൊല്ലം തന്നെ ആരംഭിക്കുമെന്നു നിസ്സാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് ഗിലോം സികാഡ് സൂചിപ്പിച്ചു. വൈദ്യുത വാഹന(ഇ വി)ങ്ങളുടെ മൊത്തത്തിലുള്ള വിപണന സാധ്യത കൂടിയാണു നിസ്സാൻ പരിശോധിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

ആഗോളതലത്തിൽ തന്നെ ഏറ്റവും വിൽപ്പനയുള്ള വൈദ്യുത വാഹനമാണ് ‘ലീഫ്’ എന്ന് സികാഡ് അവകാശപ്പെട്ടു. ഇതുവരെ രണ്ടര ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പനയാണ് ‘ലീഫ്’ സ്വന്തമാക്കിയത്. ഇന്ത്യയിലെ റോഡ്, കാലാവസ്ഥാ സാഹചര്യങ്ങളിൽ ‘ലീഫി’ന്റെയും കാറിലെ ബാറ്ററിയുടെയുമൊക്കെ പ്രകടനം വിലയിരുത്താനാണു നിസ്സാന്റെ നീക്കം. ഇന്ത്യയിൽ ‘ലീഫ്’ വിൽപ്പന പ്രോത്സാഹിപ്പിക്കാനായി ആനുകൂല്യങ്ങൾ തേടാനും നിസ്സാനു പദ്ധതിയുണ്ട്. ഒപ്പം കാറിൽ പ്രാദേശികമായി നിർമിച്ച ഘടങ്ങളുടെ വിഹിതം ഉയർത്താനും നിസ്സാൻ ശ്രമിക്കുമെന്നാണു സൂചന. കാറിനു വിപണി ഉറപ്പാക്കിയ ശേഷം ‘ലീഫ്’ പ്രാദേശികമായി അസംബ്ൾ ചെയ്യാനാണു നിസ്സാന്റെ നീക്കം. അതിനുള്ള സാധ്യതയില്ലെങ്കിൽ കാറിലെ  പ്രാദേശികമായി നിർമിച്ച ഘടങ്ങളുടെ വിഹിതം ഉയർത്തുകയെന്ന തന്ത്രം പരീക്ഷിക്കും.

ഇന്ത്യയിലെ വേറിട്ട കാലാവസ്ഥയിൽ ‘ലീഫി’ന്റെ ബാറ്ററി എപ്രകാരമാവും പ്രവർത്തിക്കുകയെന്നതാണ് നിസ്സാനെ ആശങ്കയിലാക്കുന്നത്. വേനൽക്കാലത്തു കൊടുംചൂടും മറ്റും അഭിമുഖീകരിക്കുന്ന ഡൽഹി പോലെയുള്ള നഗരങ്ങളാണ് നിസ്സാനു തലവേദന സൃഷ്ടിക്കുന്നത്. ‘ലീഫ്’ പോലുള്ള ഇ വികൾ പ്രാദേശികമായി നിർമിക്കുന്നത് കേന്ദ്ര സർക്കാരിനും താൽപര്യമുള്ള വിഷയമാണ്. 2030 ആകുമ്പോഴേക്ക് രാജ്യത്തെ കാറുകൾ പൂർണമായും വൈദ്യുത വിഭാഗത്തിലെത്തിക്കുകയാണു സർക്കാരിന്രെ മോഹം. ഈ ലക്ഷ്യത്തോടെ യു എസിൽ നിന്നുള്ള വൈദ്യുത കാർ നിർമാതാക്കളായ ടെസ്ല ഇൻകോർപറേറ്റഡിനെ ഇന്ത്യയിലേക്കു ക്ഷണിക്കാൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഢ്കരി ശ്രമിച്ചിരുന്നു; പ്ലാന്റിനുള്ള സ്ഥലമടക്കമുള്ള വാഗ്ദാനങ്ങളോടു പക്ഷേ ടെസ്ല കാര്യമായ പ്രതിപത്തി കാട്ടിയില്ലെന്നു മാത്രം.