വിദേശത്തു വൻവളർച്ച മോഹിച്ചു ‘ബുള്ളറ്റ്’

‘ബുള്ളറ്റി’നു വിപണന സാധ്യതയുള്ള നാലു രാജ്യാന്തര വിപണികൾ കൂടി ഐഷർ ഗ്രൂപ്പിൽപെട്ട റോയൽ എൻഫീൽഡ് കണ്ടെത്തി. തായ്ലൻഡ്, ബ്രസീൽ, കൊളംബിയ, ഇന്തൊനീഷ എന്നീ രാജ്യങ്ങളിൽ ‘ബുള്ളറ്റി’നു മികച്ച വിൽപ്പന സാധ്യതയുണ്ടെന്നാണു നിർമാതാക്കളുടെ വിലയിരുത്തൽ. ഇതുവരെ പരമ്പരാഗത, വികസിത ഇരുചക്രവാഹന വിപണികളായ യൂറോപ്പിലും നോർത്ത് അമേരിക്കയിലും ഓസ്ട്രേലിയയിലുമാണു കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 

സമീപ ഭാവിയിൽ തായ്ലൻഡും ഇന്തൊനീഷയും കൊളംബിയയും ബ്രസീലും കേന്ദ്രീകരിച്ചാവും ‘ബുള്ളറ്റി’ന്റെ വിദേശ വിപണനം മുന്നേറുകയെന്നു കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സിദ്ധാർഥ ലാൽ വ്യക്തമാക്കി. വരുന്ന ദശാബ്ദത്തിനിടെ ഇതിലേതെങ്കിലുമൊന്നു ‘ബുള്ളറ്റി’ന്റെ മികച്ച വിപണിയായി വളർന്നേക്കാമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

കഴിഞ്ഞ ഏതാനും വർഷമായി വിദേശത്തെ ‘ബുള്ളറ്റ്’ വിപണനം സജീവമാക്കാൻ റോയൽ എൻഫീൽഡ് സവിശേഷ ശ്രദ്ധ പുലർത്തുന്നുണ്ട്. വിപണന ശൃംഖല സ്ഥാപിക്കാനും എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകൾ ആരംഭിക്കാനും ബ്രാൻഡ് സ്റ്റോറുകൾ തുറക്കാനുമൊക്കെ കമ്പനി ഊർജിത ശ്രമം നടത്തുന്നുണ്ട്. അടുത്തയിടെ ബ്രസീലിൽ ‘ബുള്ളറ്റ്’ വിതരണത്തിനായി കമ്പനി പുതിയ ഉപസ്ഥാപനവും ആരംഭിച്ചിരുന്നു; വിദേശത്ത് ഇത്തരത്തിലുള്ള രണ്ടാമത്തെ സംരംഭവുമാണിത്. യു എസിൽ തുറന്ന റോയൽ എൻഫീൽഡ് നോർത്ത് അമേരിക്കയായിരുന്നു ആദ്യത്തേത്. കൊളംബിയയിലും ഇതിനോടകം അഞ്ചോ ആറോ സ്റ്റോറുകൾ കമ്പനി തുറന്നിട്ടുണ്ട്; മറ്റു രണ്ടു വിപണികളിൽ ഓരോന്നും പ്രവർത്തനം തുടങ്ങി. വിപണന സാധ്യത മുൻനിർത്തി ഈ മേഖലയിൽ കൂടുതൽ ഷോറൂമുകൾ തുറക്കാനും റോയൽ എൻഫീൽഡിനു പദ്ധതിയുണ്ട്. 

ഇവയ്ക്കു പുറമെ മറ്റു ചില രാജ്യങ്ങളിലും ‘ബുള്ളറ്റ്’ വിൽപ്പനയ്ക്കായി സ്റ്റോറുകൾ തുറക്കുന്നുണ്ടെന്ന് ലാൽ അറിയിച്ചു. ഒന്നോ രണ്ടോ വർഷത്തിനകം ഈ വിപണികൾ പക്വത കൈവരിക്കുമെന്നും അതോടെ പൂർണതോതിലുള്ള വിപണനം ആരംഭിക്കാനാവുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. 

യു കെ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിലായി അൻപതോളം ഡീലർഷിപ്പുകളാണു റോയൽ എൻഫീൽഡിനുള്ളത്. പക്ഷേ ഇവയിലേറെയും മൾട്ടി ബ്രാൻഡ് ഔട്ട്ലെറ്റുകളാണെന്ന പ്രശ്നമുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യാന്തരതലത്തിൽ കൂടുതൽ എക്സ്ക്ലൂസീവ് സ്റ്റോറുകൾ തുറക്കാൻ കമ്പനി ആലോചിക്കുന്നത്. നിലവിൽ 25 എക്സ്ക്ലൂസീവ് സ്റ്റോറുകളുള്ളത് വർഷാവസാനത്തോടെ 45— 50 ആക്കി ഉയർത്തുകയാണു കമ്പനിയുടെ പദ്ധതി. വരുംവർഷവും ഈ രീതി തുടരുമെന്നു ലാൽ വ്യക്തമാക്കുന്നു. 

കയറ്റുമതിയിൽ മികച്ച നേട്ടമാണു റോയൽ എൻഫീൽഡ് കൈവരിക്കുന്നത്. 2015 — 16ൽ 9,363 യൂണിറ്റായിരുന്ന കയറ്റുമതി 2016 — 17ൽ 64% വർധനയോടെ 15,383 യൂണിറ്റിലെത്തി.