ചൈനയിൽ 4.5 ലക്ഷം കാർ നിർമിക്കാൻ ബി എം ഡബ്ല്യു

ചൈനയിലെ വാർഷിക ഉൽപ്പാദനം നാലര ലക്ഷം യൂണിറ്റിലെത്തിക്കാൻ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഒരുങ്ങുന്നു. പുതിയ മോഡലുകളഉടെ ഉൽപ്പാദനത്തിനായി കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഷെന്യാങ്ങിലെ രണ്ടു ശാലകളിലായി 100 കോടി യൂറോ(ഏകദേശം 7,233 കോടി രൂപ)യുടെ നിക്ഷേപമാണ്  നടത്തിയതെന്നു കമ്പനി അറിയിച്ചു.  ഷെന്യാങ്ങിലെ ദദോങ്ങിലാവും സെഡാനായ ‘ഫൈവ് സീരീസി’ന്റെ ലോങ് വീൽബേസ് പതിപ്പ് കമ്പനി നിർമിക്കുന്നത്. ഇതോടൊപ്പം സംയുക്ത സംരഭമായ ബി എം ഡബ്ല്യു ബ്രില്യൻസ് ഓട്ടമോട്ടീവി(ബി ബി എ)ന്റെ ശാലയിലാവും ഓഫ് റോഡറായ ‘എക്സ് ത്രീ’യുടെ നിർമാണം.

ഇതോടൊപ്പം കൂടുതൽ വൈവിധ്യം ലക്ഷ്യമിട്ടു ദദോങ് ശാലയുടെ തെക്കൻ ഭാഗം പുതുക്കിപ്പണിയാനും ബി എം ഡബ്ല്യു തീരുമാനിച്ചിട്ടുണ്ട്. ഷെന്യാങ്ങിന്റെ പടിഞ്ഞാറുഭാഗത്തായി ടിക്സിയിലുള്ള ശാലയിലാണ് ഓഫ് റോഡറായ ‘എക്സ് വണ്ണി’ന്റെയും ‘ത്രീ സീരീസി’ന്റെയും ലോങ് വീൽബേസ് പതിപ്പും ‘ടു സീരീസും’ സെഡാനായ ‘വൺ സീരീസു’മൊക്കെ നിർമിക്കുന്നത്. ഇതിനു പുറമെ പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനങ്ങൾക്കുള്ള ഹൈ വോൾട്ടേജ് ബാറ്ററി ഉൽപ്പാദനത്തിനുള്ള പുതിയ ശാലയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ഇക്കൊല്ലം അവസാനത്തോടെ ഈ ശാല പ്രവർത്തനക്ഷമമാവുമെന്നാണു ബി എം ഡബ്ല്യുവിന്റെ പ്രതീക്ഷ.

കഴിഞ്ഞ ജനുവരി — ഡിസംബർ കാലത്ത് 5.16 ലക്ഷം വാഹനങ്ങളാണ് ബി എം ഡബ്ല്യു ഗ്രൂപ് ചൈനയിൽ വിറ്റത്; ബി എം ഡബ്ല്യുവിനു പുറമെ ‘മിനി’, റോൾസ് റോയ്സ് മോഡലുകളുടെ വിൽപ്പനയും ഇതിൽ ഉൾപ്പെടും. ഇക്കൊല്ലം പരിഷ്കരിച്ചതും പുതിയതുമായി 14 മോഡലുകളാണ് കമ്പനി ചൈനയിൽ അവതരിപ്പിക്കുക.