ഷെവർലെ കാർ വാങ്ങിയാൽ മറ്റൊന്ന് ഫ്രീ തരുമോ? ഓഫറിനായി പരക്കം പാഞ്ഞ് ഉപഭോക്താക്കൾ

Chevrolet Cruze

അമേരിക്കൻ വാഹന നിർമാതാക്കളായ ഷെവർലെ ഇന്ത്യയിൽ വാഹനം വിൽക്കുന്നതിൽ നിന്ന് പിൻമാറാൻ ഒരുങ്ങുകയാണ്. അടുത്ത ഡിസംബറോടുകൂടി വിപണിയിൽ നിന്ന് പിൻവലിയും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിൽപ്പന നിർത്തിയെങ്കിലും സർവീസും കസ്റ്റമർ സപ്പോർട്ടും നിർലോഭം തുടരും എന്നും കമ്പനിയുടെ അറിയിപ്പ്.

എന്നാൽ ഇപ്പോൾ ഷെവർലെയുടെ ഷോറൂമിലേക്ക് വരുന്നവർ വൻ ഓഫറുകളാണ് ആവശ്യപ്പെടുന്നത്. പകുതി വിലയ്ക്ക് കാറും ഒന്നെടുത്താൽ മറ്റൊന്ന് സൗജന്യമായി നൽകണമെന്നും വരെ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നുണ്ട് എന്നാണ് ഷോറൂമുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. ഷെവർലെ ഇന്ത്യ വിടുന്നു എന്ന വാർത്തകൾക്ക് വളരെയധികം പ്രാധാന്യം ലഭിച്ചതിനാൽ ആരും വാഹനങ്ങൾ വാങ്ങാൻ വരുന്നില്ലെന്നും വരുന്നവർ വൻ ഡിസ്കൗണ്ടുകളാണ് ആവശ്യപ്പെടുന്നതുമെന്നാണ് ഷോറൂം ജീവനക്കാർ പറയുന്നത്.

ഷെവർലെയുടെ ഡീലർമാരെ വരെ അമ്പരപ്പിച്ചായിരുന്നു ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങാനുള്ള തീരുമാനം കമ്പനി പ്രഖ്യാപിച്ചത്. നിലവിലെ കസ്റ്റമേഴ്സിന് വേണ്ട സൗകര്യങ്ങളെല്ലാം ചെയ്തുകൊടുക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും ഷെവർലെ ഉപഭോക്താക്കൾ കടുത്ത പ്രതിസന്ധിയിലാണ്. കൂടാതെ ജനറൽ മോട്ടോഴ്സിന്റെ ഈ പ്രഖ്യാപനം സെക്കന്റ് ഹാൻഡ് ഷെവർലെ കാറുകളുടെ വിലയേയും കാര്യമായി ബാധിച്ചിട്ടുണ്ട്.