ട്രയംഫിന്റെ മൂന്നാം തലമുറ ‘സ്ട്രീറ്റ് ട്രിപ്ൾ’ 12ന്

Triumph Street Triple

ബ്രിട്ടീഷ് നിർമാതാക്കളായ ട്രയംഫിൽ നിന്നുള്ള പുതിയ തലമുറ ‘സ്ട്രീറ്റ് ട്രിപ്ൾ’ തിങ്കളാഴ്ച ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും. 2007ൽ വിപണിയിലെത്തിയ നോക്കഡ് സ്പോർട് മോട്ടോർ സൈക്കിളായ ‘സ്ട്രീറ്റ് ട്രിപ്ളി’ന്റെ മൂന്നാം തലമുറ മോഡലാണ് ഇപ്പോൾ ഇന്ത്യയിലെത്തുന്നത്. 

മൂന്നു വകഭേദങ്ങളിലാണു ‘2017 ട്രയംഫ് സ്ട്രീറ്റ് ട്രിപ്ൾ’ വിൽപ്പനയ്ക്കെത്തുക: എസ്, ആർ, ആർ എസ് എന്നിവ. മൂന്നു മോഡലുകളിലെയും എൻജിൻ കരുത്തും സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ വ്യത്യസ്തമാണ്. തുടക്കത്തിൽ ‘സ്ട്രീറ്റ് ട്രിപ്ൾ എസ്’ മാത്രമാണു വിൽപ്പനയ്ക്കുണ്ടാവുക; വർഷാവസാനത്തോടെ ‘ആർ’, ‘ആർ എസ്’ വകഭേദങ്ങളും വിപണിയിലെത്തും. രാജ്യത്തെ ട്രയംഫ് ഡീലർമാർ ഒരു ലക്ഷം രൂപ അഡ്വാൻസ് ഈടാക്കി ‘സ്ട്രീറ്റ് ട്രിപ്ൾ എസ്’ ബുക്കിങ് സ്വീകരിക്കുന്നുണ്ട്. ബൈക്കിന് ഡൽഹി ഷോറൂമിൽ 10 ലക്ഷം രൂപയാണു വില പ്രതീക്ഷിക്കുന്നത്. 

മുൻ തലമുറയെ അപേക്ഷിച്ച് ഒട്ടേറെ പുതുമകളോടെയാണ് ‘2017 സ്ട്രീറ്റ് ട്രിപ്പ്ളി’ന്റെ വരവ്; പുത്തൻ എൻജിൻ, എയർ ബോക്സ്, ഭാരം കുറഞ്ഞ എക്സോസ്റ്റ് തുടങ്ങിയവയൊക്കെയാണു പ്രധാന മാറ്റം. ‘ആർ’, ‘ആർ എസ്’ വകഭേദങ്ങളിൽ സ്ലിപ്പർ ക്ലച്ചും ഇടംപിടിക്കുന്നു. ആഗോളതലത്തിൽ ട്രയംഫിന് ഏറ്റവുമധികം വിൽപ്പന നേടിക്കൊടുത്ത മോഡലാണ് ‘സ്ട്രീറ്റ് ട്രിപ്ൾ’; 2007 മുതൽ ഇതുവരെ അരലക്ഷത്തിലേറെ യൂണിറ്റിന്റെ വിൽപ്പനയാണു ബൈക്ക് നേടിയത്. ഇന്ത്യയിലും നാനൂറോളം ‘സ്ട്രീറ്റ് ട്രിപ്ൾ’ ട്രയംഫ് വിറ്റിട്ടുണ്ട്. ‘ഡ്യുകാറ്റി മോൺസ്റ്റർ 821’, ‘കാവസാക്കി സീ 900’ തുടങ്ങിയവയാണു ‘സ്ട്രീറ്റ് ട്രിപ്ളി’ന്റെ എതിരാളികൾ.