വിൽപ്പനയിൽ 8,000 തികച്ച് ‘ഹുറാകാൻ’

Lamborghini Huracan

ജനപ്രീതിയേറെയുള്ള സ്പോർട്സ് കാറായ ‘ഹുറാകാനി’ന്റെ മൊത്തം വിൽപ്പന 8,000 യൂണിറ്റ് പിന്നിട്ടതായി  ഇറ്റാലിയൻ നിർമാതാക്കളായ ലംബോർഗ്നി. യു കെയിലെ ഉടമയ്ക്കായി നിർമിച്ച ഗ്രിഗിയൊ ലിൻക്സ് ഗ്രേ നിറമുള്ള ‘സ്പൈഡർ’ ആണു ‘ഹുറാകാൻ’ വിൽപ്പന എണ്ണായിരത്തിലെത്തിച്ചത്. 

‘ഗയാഡോ’യുടെ പിൻഗാമിയായി നിരത്തിലെത്തിയ ‘ഹുറാകാനി’നെ കമ്പനിയുടെ ഏറ്റവും വിജയകരമായ മോഡലായാണു ലംബോർഗ്നി വിലയിരുത്തുന്നത്. വിപണിയിലുണ്ടായിരുന്ന 10 വർഷത്തിനിടെ 14,022 യൂണിറ്റിന്റെ വിൽപ്പനയായിരുന്നു ‘ഗയാഡോ’ കൈവരിച്ചത്. അതേസമയം നിരത്തിലെത്തി വെറും മൂന്നു വർഷത്തിനിടെയാണു ‘ഹുറാകാൻ’ വിൽപ്പനയിൽ 8,000 യൂണിറ്റെന്ന തകർപ്പൻ നേട്ടം സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ ലംബോർഗ്നി ചരിത്രത്തിലെ ഏറ്റവും വിജയകരമായ കാർ എന്ന പെരുമ വരുംവർഷങ്ങളിൽ ‘ഹുറാകാൻ’ നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.  

വൈവിധ്യമാണു ‘ഹുറാകാനി’ന്റെ സ്വീകാര്യത വർധിപ്പിക്കുന്നത്. കൂപ്പെ, സ്പൈഡർ ബോഡിക്കു പുറമെ ഓൾ വീൽ ഡ്രൈവ്(എൽ പി 610 — 4), റിയർ വീൽ ഡ്രൈവ്(എൽ പി 580 — 2) സാധ്യതകളും ‘ഹുറാകാൻ’ വാഗ്ദാനം ചെയ്യുന്നു. ഇതിനു പുറമെയാണ് ലംബോർഗ്നി അടുത്തയിടെ പ്രകടനക്ഷമതയേറിയ ‘എൽ പി 610 — 4’ ആയ ‘ഹുറാകാൻ പെർഫോമെന്റെ’ (എൽ പി 640 — 4) പുറത്തിറക്കിയത്. പോരെങ്കിൽ ‘ഹുറാകാൻ പെർഫേമെന്റെ സ്പൈഡർ’ പതിപ്പും ലംബോർഗ്നി അണിയിച്ചൊരുക്കുന്നുണ്ടെന്നാണു സൂചന.

വ്യത്യസ്ത ട്യൂണിങ് നിലവാരത്തിലുള്ളതെങ്കിലും ഒരേ  എൻജിനോടെയാണു ലംബോർഗ്നി ‘ഹുറാകാൻ’ വകഭേദങ്ങളെല്ലാം വിൽപ്പനയ്ക്കെത്തിക്കുന്നത്; 5.2 ലീറ്റർ, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എൻജിനാണ് ഈ കാറുകൾക്കു കരുത്തേകുന്നത്. ‘പെർഫോമെന്റെ’യിലെത്തുമ്പോൾ പരമാവധി 640 ബി എച്ച് പി കരുത്തും 600 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ‘ഹുറാകാൻ എൽ പി 610 — 4’ കാറിൽ 602 ബി എച്ച് പിയും ‘എൽ പി 580 — 2’ൽ 572 ബി എച്ച് പിയുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്. എല്ലാ വകഭേദത്തിലും ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ഗീയർബോക്സ്.