ഫോക്സ്‌വാഗൻ പാസഞ്ചർ കാഴ്സിനു പുതിയ മേധാവി

ഫോക്സ്വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ ഡയറക്ടറായി സ്റ്റീഫൻ നാപ്പിനെ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ നിയമിച്ചു. ഫോക്സ്‌വാഗൻ പാസഞ്ചർ കാഴ്സ്ചൈനയുടെ വിൽപ്പന, വിപണന വിഭാഗം മേധാവിയായി സ്ഥലം മാറിപ്പോയ മൈക്കൽമേയറുടെ പിൻഗാമിയായാണു നാപ്പിന്റെ വരവ്. 

സീറ്റിലും ഫോഡിലുമായി വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നേതൃസ്ഥാനം വഹിച്ച പരിചയസമ്പത്തുമായാണു നാപ്(48) ഇന്ത്യയിലെത്തുന്നത്. ജർനിയിലെ ഓസ്ട്രിച് വിങ്കലിലെ യൂറോപ്യൻ ബിസിനസ് സ്കൂളിൽ നിന്നു മാനേജീരിയൽ ഇക്കണോമിക്സിൽ ബിരുദവും യു എസിലെ അരിസോണയിലെ അമേരിക്കൻ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ഇന്റർനാഷനൽ മാനേജ്മെന്റിൽ നിന്നു മാനേജ്മെന്റിലും ബിരുദം നേടിയ ശേഷമാണ് നാപ് വാഹന വ്യവസായത്തിലെത്തിയത്.

ഇന്ത്യയിൽ ഫോക്സ്‌വാഗൻ ഗ്രൂപ് സെയിൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ തിയറി ലെസ്പിയൊക്കിനു കീഴിലാണു നാപ്പിന്റെ നിയമനം. രാജ്യത്തെ കാർ വിൽപ്പന വർധിപ്പിക്കുകയെന്നതാവും നാപ് നേരിടുന്ന ആദ്യ വെല്ലുവിളി.