പ്രോട്ടോണിനെ ശക്തമാക്കുമെന്നു ഗീലി

ആഭ്യന്തര വിപണിക്കൊപ്പം ദക്ഷിണ പൂർവ ഏഷ്യയിലെ സാന്നിധ്യവും ശക്തമാക്കാൻ മലേഷ്യൻ വാഹന നിർമാതാക്കളായ പ്രോട്ടോണെ സഹായിക്കുമെന്ന് പുതിയ ഉടമസ്ഥരായ സെജിയാങ് ഗീലി ഹോൾഡിങ് ഗ്രൂപ് കമ്പനി ലിമിറ്റഡ്. പ്രവർത്തനം പ്രതിസന്ധിയിലായ പ്രോട്ടോണിന്റെ 49.9% ഓഹരികൾ ഏറ്റെടുക്കാൻ ചൈനീസ് നിർമാതാക്കളായ ഗീലികഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു.  മലേഷ്യയിലെ ഡി ആർ ബി — ഹൈ കോം ബി എച്ച് ഡിയിൽ നിന്ന് പ്രോട്ടോണിന്റെ 49.9% ഓഹരി വാങ്ങുന്നതിനൊപ്പം പ്രോട്ടോണിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ നിർമാതാക്കളായ ലോട്ടസിന്റെ 51% ഓഹരിയും ഏറ്റെടുക്കുമെന്നു ഗീലി വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ഇതു സംബന്ധിച്ച കരാറുകളും ഒപ്പുവച്ചു.

പ്രോട്ടോൺ കൈവരുന്നതോടെ ദക്ഷിണ പൂർവ ഏഷ്യയിൽ വിപണി വിഹിതം വർധിപ്പിക്കാനാവുമെന്നാണു ഗീലിയുടെ പ്രതീക്ഷ. 2020ൽ വാർഷിക വിൽപ്പന 30 ലക്ഷം യൂണിറ്റായി ഉയരുമെന്നും ക്വാലലംപൂരിലെത്തിയഗീലി ചെയർമാൻ ലി ഷുഫു പ്രതീക്ഷ പ്രകടിപ്പിച്ചു. മലേഷ്യയിൽ നഷ്ടമായ വിപണി വിഹിതം വീണ്ടെടുക്കാൻ പ്രോട്ടോണിനെ സഹായിക്കുന്നതിനു പുറമെ ആസിയാൻ മേഖയിലേക്കു കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒപ്പം ചൈനയിൽ ലോട്ടസ് കാറുകൾ നിർമിക്കാനുള്ള സാധ്യതയും കമ്പനി പരിശോധിക്കും. ആഗോളതലത്തിലും ലോട്ടസിന്റെ പ്രകടനം മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മൊത്തം 46.02 കോടി മലേഷ്യൻ റിംഗിറ്റ്(ഏകദേശം 692.36 കോടി രൂപ) മുടക്കിയാണു പ്രോട്ടോണിന്റെ 49.9% ഓഹരികൾ ഗീലി സ്വന്തമാക്കുന്നത്. കൂടാതെ 17.03 കോടി റിംഗിറ്റ്(256.16 കോടിയോളം രൂപ) നിക്ഷേപവും ഗീലി, പ്രോട്ടോണിൽ നടത്തുമെന്ന് ഡി ആർ ബി ഹൈകോം മാനേജിങ് ഡയറക്ടർ സയ്യിദ് ഫൈസൽ അൽബാർ അറിയിച്ചു. ലോട്ടസിലെ പ്രോട്ടോൺ ഓഹരികൾ 10 കോടി പൗണ്ട്(825.38 കോടി രൂപ) വില ഈടാക്കിയാവും ഗീലിക്കു കൈമാറുക. സ്വീഡനിലെ വോൾവോ കാർ ഗ്രൂപ്പിന്റെയും ഹോങ് കോങ് ആസ്ഥാനമായ ഗീലി ഓട്ടമൊബീൽ ഹോൾഡിങ്സിന്റെയും മാതൃസ്ഥാപനമാണു ചൈനയിലെ ഗീലി.

മലേഷ്യൻ പ്രധാനമന്ത്രിയായിരുന്ന മഹാതിർ മുഹമ്മദ് 1983ൽ സ്ഥാപിച്ച കാർ നിർമാണ കമ്പനിയാണു പ്രോട്ടോൺ. വിദേശ നിർമാതാക്കളുടെ മോഡലുകൾ റീ ബാഡ്ജിങ് വഴിയാണു പ്രോട്ടോൺ പ്രാദേശിക വിപണിയിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. സമീപകാലത്തായി പ്രവർത്തനം പ്രതിസന്ധിയിലായതോടെ കഴിഞ്ഞ വർഷം കമ്പനിക്കു മലേഷ്യൻ സർക്കാർ  150 കോടി റിംഗിറ്റ്(2256.24 കോടി രൂപ) സഹായം അനുവദിച്ചിരുന്നു. കമ്പനി പ്രവർത്തനം ലാഭത്തിൽ തിരിച്ചെത്തിക്കണമെന്നും വിദേശ പങ്കാളിയെ കണ്ടെത്തണമെന്നുമുള്ള വ്യവസ്ഥകളോടെയായിരുന്നു ഈ ധനസഹായം.