യൂട്ടിലിറ്റി വാഹനം തിരിച്ചടിയാവില്ലെന്നു മാർക്കിയോണി

യൂട്ടിലിറ്റി വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നത് കമ്പനിയുടെ വേറിട്ട വ്യക്തിത്വത്തെയോ ലാഭക്ഷമതയെയോ ബാധിക്കില്ലെന്ന് ഇറ്റാലിയൻ കാർ നിർമാതാക്കളായ ഫെറാരിയുടെ ചീഫ് എക്സിക്യൂട്ടീവായ സെർജിയൊ മാർക്കിയോണി. അതേസമയം എതിരാളികളും ഫോക്സ്വാഗന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമാതാക്കളുമായ ലംബോർഗ്നിയുടെ പാത പിന്തുടർന്നു സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) മേഖലയിൽ ഫെറാരി പ്രവേശിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫിയറ്റ് ക്രൈസ്ലറിൽ നിന്നു പിരിഞ്ഞതു മുതൽ മാതൃസ്ഥാപനത്തിന്റെ സഹായമില്ലാതെ ലാഭം ഉയർത്താനും വിൽപ്പന വർധിപ്പിക്കാനും കടുത്ത സമ്മർദമാണു ഫെറാരി നേരിടുന്നത്. എന്നിട്ടും പ്രത്യേക പതിപ്പുകളുടെ അവതരണത്തിലൂടെ തുടർച്ചയായി വരുമാനം വർധിപ്പിക്കാനും കമ്പനിക്കു കഴിഞ്ഞു.

എന്നാൽ വേറിട്ട വ്യക്തിത്വം നിലനിർത്തി ഉൽപ്പാദിപ്പിക്കാവുന്ന കാറുകളുടെ എണ്ണത്തിൽ കമ്പനി പരിമിതി നേരിടുകയാണെന്നാണു മാർക്കിയോണിയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ വിൽപ്പന വർധിപ്പിക്കാൻ പുതുവഴികൾ തേടേണ്ടി വരുമെന്നാണ് 2021ൽ ഫെറാരിയോടു വിട പറയാൻ ഒരുങ്ങുന്ന മാർക്കിയോണിയുടെ പക്ഷം. ഭാവിയിൽ കമ്പനി പുതിയ യൂട്ടിലിറ്റി വാഹനം യാഥാർഥ്യമാക്കിയാൽ തന്നെ  ഫെറാരി രൂപകൽപ്പനാ മികവ് നിലനിർത്തി പരിമിത തോതിലാവും ഉൽപ്പാദനമെന്നും അദ്ദേഹം വ്യക്തമാക്കുന്നു; അല്ലാതെ പോർഷെ പോലുള്ള നിർമാതാക്കളോടു മത്സരിക്കാനല്ല ഫെറാറിയുടെ പദ്ധതി.

മല കയറുന്നതിലെ മികവാകില്ല ഫെറാരി യൂട്ടിലിറ്റി വാഹനത്തിന്റെ സവിശേഷതയെന്നും മാർക്കിയോണി പ്രഖ്യാപിക്കുന്നു. ഇതുവരെ ഫെറാരി കൈവരിച്ച രൂപകൽപ്പനാ മികവും നിർമാണ വൈഭവവുമൊക്കെതന്നെയാവും പുതിയ മോഡലിന്റെയും സവിശേഷതയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.