ഏറ്റവും കരുത്തുള്ള ബുള്ളറ്റ് ഉടൻ വിപണിയിൽ

Royal Enfield 750, Imgae Source: Facebook

വലതു വശത്ത് ഗിയറും ഇടതു വശത്ത് ബ്രേക്കുമുള്ള സാധാരണക്കാർക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള ഇരുചക്രവാഹനം എന്ന നിലയിൽ നിന്ന് റോയൽ എൻഫീൽഡ് ഏറെ മുന്നോട്ടു പോയിരിക്കുന്നു. ഇന്ന് ആർക്കും ഉപയോഗിക്കാൻ സാധിക്കുന്ന ജനപ്രിയ ഇരുചക്രവാഹനമാണ് ബുള്ളറ്റ്. വലത്തു നിന്ന് ഇടത്തേയ്ക്ക് മാറിയ ഗിയറിനൊപ്പം തെളിച്ചത് റോയൽ എൻഫീൽഡിന്റെ രാശിയാണ്. അടച്ചു പൂട്ടൽ ഭീഷണി നേരിട്ട കമ്പനിയുടെ ബാലൻസ് ഷീറ്റിൽ ഇന്ന് ലാഭത്തിന്റെ കണക്കുകൾ മാത്രം.

Royal Enfield 750, Imgae Source: Facebook

കാസിക്ക് രൂപഗുണത്തിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും പുതിയ ബൈക്കുകളുമായി പുതിയ വിപണികളിലേക്കുള്ള മുന്നേറ്റമാണ് റോയൽ എൻഫീൽഡ് നടത്തുന്നത്. ഇന്ത്യയിൽ അഡ്വഞ്ചർ ബൈക്ക് എന്ന വിഭാഗത്തിലേക്ക് ഹിമാലയനിലൂടെ പ്രവേശിച്ച എൻഫീൽഡ് മിഡിൽ വെയ്റ്റ് കാറ്റഗറി ബൈക്കുമായി രാജ്യാന്തര വിപണിയിലേയ്ക്കും പ്രവേശിക്കാൻ ഒരുങ്ങുന്നു. ഹിമാലയനു ശേഷം വികസിപ്പിക്കുന്ന  ബൈക്ക് മിഡ്‌വെയ്റ്റ് വിഭാഗത്തിൽ ഹാർലി, ട്രയംഫ് തുടങ്ങിയ നിർമാതാക്കളുടെ ബൈക്കുകളുമായി രാജ്യാന്തര തലത്തിൽ ഏറ്റുമുട്ടാൻ ശേഷിയുള്ള ബൈക്കായിരിക്കും.

Royal Enfield 750, Imgae Source: Facebook

ഇന്ത്യയിൽ പരീക്ഷണയോട്ടങ്ങൾ നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങളാണ് അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ വൈറൽ. നേരത്തെ കഫേ റെയ്സറിൽ 750 സിസി എൻജിൻ ഘടിപ്പിച്ചായരുന്നു പരീക്ഷണമെങ്കിൽ ഇപ്പോൾ രണ്ടു തരത്തിലുള്ള ബൈക്കുകളിൽ 750 സിസി എൻജിൻ ഘടിപ്പിച്ച് പരീക്ഷണയോട്ടം നടത്തുന്നുണ്ടെന്നാണ് അടുത്തിലെ പുറത്തു വന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഹിമാലയനിൽ ഉപയോഗിച്ചിരിക്കുന്ന 410 സിസി എൻജിനു ശേഷം കമ്പനി വികസിപ്പിക്കുന്ന ഏറ്റവും നൂതന എൻജിനായിരിക്കും പുതിയ ബൈക്കിൽ. 

ചരിത്രത്തിൽ ആദ്യമായി റോയൽ എൻഫീൽഡ് പുറത്തിറങ്ങുന്ന ട്വിൻ സിലിണ്ടർ എൻജിനായിരിക്കും ബൈക്കിന്റേത്. യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്ററിലാണ് ബൈക്ക് വികസിപ്പിച്ചത്. റോയൽ എൻഫീൽഡ് ഇന്നുവരെ നിർമിച്ചതിൽ ഏറ്റവുമധികം ശേഷിയും കരുത്തുമുള്ള എൻജിനായിരിക്കും പുതിയത്. ഏകദേശം 45 മുതൽ 50 ബിഎച്ച്പി വരെ കരുത്തും 60 മുതൽ 70 എൻഎം വരെ ടോർക്കുമുള്ള എൻജിനിൽ കാർബറേറ്ററായിരിക്കും ഉപയോഗിക്കുക.

Royal Enfield 750, Imgae Source: Facebook

അഞ്ചു സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന ബൈക്കിൽ എബിഎസ് ഓപ്ഷണലായി ഉണ്ടായേക്കും എന്നാണു സൂചന. യൂറോപ്യൻ വിപണിയും മുന്നിൽകണ്ടു നിർമിക്കുന്ന ബൈക്കിനു യൂറോ 4 നിലവാരം ഉണ്ടായിരിക്കും. ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750, ട്രയംഫ് ബോൺവില്ല തുടങ്ങിയ ബൈക്കുകളുമായി മൽസരിക്കാനെത്തുന്ന റോയൽ എൻഫീൽഡ് 750 ന്റെ പരമാവധി വേഗത 160 കീമി ആയിരിക്കും. മൂന്നു മുതൽ നാലു ലക്ഷം വരെയാണു പ്രതീക്ഷിക്കുന്ന വില. 2018 ആദ്യം റോയൽ എൻഫീൽഡിന്റെ പുതിയ ബൈക്ക് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

Image Source