ട്രംപിന് പിന്നാലെ ചൈനീസ് ടയറുകൾക്ക് ‘പണി’ കൊടുക്കാൻ മോദിയും

ബസിലും ലോറിയിലും ഉപയോഗിക്കുന്ന ചിലയിനം റേഡിയൽ ടയറുകൾ ചൈനയിൽനിന്ന് കുറഞ്ഞ വിലയിൽ ഇറക്കുമതി ചെയ്യുന്നതിനു തടയിടാൻ അധിക നികുതി ഈടാക്കാൻ ആലോചന. ചൈനീസ് ടയറുകൾ വിലകുറച്ചു വിൽക്കുന്നതിനെതിരെ ഇന്ത്യൻ ടയർ കമ്പനികൾ സർക്കാരിനെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് ആഭ്യന്തര വ്യവസായത്തിന് ഭീഷണിയാകും വിധം ഇറക്കുമതി ഉൽപന്നങ്ങൾ വില താഴ്ത്തി വിൽക്കുന്നത് തടയാനാണ് ആന്റി–ഡംപിങ് തീരുവ എന്ന അധിക നികുതി ഏർപ്പെടുത്തുന്നത്. ടണ്ണിന് 452 ഡോളർ വരെ നികുതി ഇങ്ങനെ ഈടാക്കാനാണു നീക്കം

ലോകത്തു തന്നെ ഏറ്റവും കൂടുതൽ ടയർ കയറ്റുമതി ചെയ്യുന്ന ചൈനയുടെ ടയറിന് അധിക നികുതിയുമായി അമേരിക്കൻ പ്രസിഡന്റെ ട്രംപും എത്തിയിരുന്നു. ചൈനയിൽനിന്നുള്ള വില കുറഞ്ഞ ടയറിനു തടയിടാൻ അധിക നികുതി ചുമത്തുന്നതിനു യുഎസിന്റെ ഇറക്കുമതി നിയന്ത്രണ കമ്മീഷനായ യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷൻ (യുഎസ്ഐറ്റിസി) തീരുമാനിച്ചിരുന്നു. അമേരിക്കയ്ക്ക് പുറമേ ഇന്ത്യയും ചൈനീസ് ടയറുകൾക്ക് അധിക നികുതി ഈടാക്കുന്നതോടെ ലോകത്ത് ഏറ്റവും വിലകുറഞ്ഞ ടയർ കയറ്റുമതി നടത്തി മുൻനിരയിൽ നിൽക്കുന്ന ചൈനയ്ക്ക്  വൻതിരിച്ചടി വന്നേക്കും. ചൈനയിൽനിന്നുള്ള ടയറിന് അമേരിക്ക നേരത്തെ ഏർപ്പെടുത്തിയിരുന്ന 19% കൗണ്ടർ വെയിലിങ് നികുതിയ്ക്കു പുറമേയാണ് ആന്റി ഡംപിങ് നികുതിയായി 24% കൂടി അധികം ചുമത്തുന്നത്.

ഒരു രാജ്യത്തെ വിപണി പിടിച്ചെടുക്കാൻ സബ്സിഡി നൽകി ഉൽപന്നങ്ങൾ നിർമിച്ചു കയറ്റുമതിചെയ്യുന്നുവെന്നു ബോധ്യപ്പെടുമ്പോഴാണ് ഇറക്കുമതി ചെയ്യുന്ന രാജ്യം ആ ഉൽപന്നത്തിനു കൗണ്ടർ വെയിലിങ് ചുങ്കം ചുമത്തുന്നത്. ഒരു രാജ്യത്തെ ഉൽപന്നങ്ങളുടെ നിലനിൽപിനെ ബാധിക്കും വിധം ആ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു വിലകുറച്ചു വിപണിയിൽ വിൽക്കുന്നതു തടയാൻ രാജ്യം ഇറക്കുമതി ഉൽപ്പന്നങ്ങൾക്കു ചുമത്തുന്ന നികുതിയാണ് ആന്റി ഡംപിങ് നികുതി. തദ്ദേശ കമ്പനികൾ വിൽക്കുന്ന വിലയ്ക്കു മാത്രമേ ഇറക്കുമതിചെയ്യുന്ന സാധനങ്ങൾക്കും വിൽക്കാൻ കഴിയൂ. ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്കാണു രാജ്യങ്ങൾ ആന്റി ഡംപിങ് നികുതി ചുമത്തുന്നത്. ടയർ വിപണിയിൽ ചൈനയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ.

റബർ മേഖലയ്ക്കു ഗുണം

ചൈനീസ് ഡയറുകൾക്ക് ഡ്യൂട്ടി ഏർപ്പെടുത്തുന്നത് റബർ മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് റബർ ബോർഡ് ചെയർമാൻ കെ. അജിത്കുമാർ. ഇൗ ശുപാര്‍ശ നേരത്തെ തന്നെ റബര്‍ ബോര്‍ഡ് കേന്ദ്ര വാണിജ്യകാര്യമന്ത്രാലയത്തിന് നല്‍കിയിരുന്നു. ആഭ്യന്തര ടയര്‍ കമ്പനികള്‍ക്ക് ഗുണം ലഭിക്കുന്നതോടെ കൂടുതല്‍ റബര്‍ ആവശ്യമായിവരുമെന്നും വില താഴേക്ക് പോകാതിരിക്കാന്‍ ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.