അടുത്ത സീസണിലും റൈക്കോണൻ ഫെറാരിക്കൊപ്പം

Kimi Raikkonen

ഇറ്റാലിയൻ ടീമായ ഫെറാരിക്കൊപ്പം അടുത്ത  സീസണിലും മത്സരരംഗത്തു തുടരാൻ ഫിന്നിഷ് ഡ്രൈവറായ കിമി റൈക്കോണൻ. ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിന്റെ 2018 സീസണിലും ടീമിൽ തുടരാൻ കഴിയുംവിധം റൈക്കോണന്റെ കരാർ ദീർഘിപ്പിക്കാൻ കഴിഞ്ഞ ദിവസമാണു ഫെറാരി തീരുമാനിച്ചത്. 

ഒക്ടോബറിൽ 38 വയസ് തികയുന്ന റൈക്കോണൻ 2007ൽ ഫോർമുല വൺ ഡ്രൈവേഴ്സ് ചാംപ്യൻഷിപ് നേടിയിരുന്നു. റൈക്കോണനുമായുള്ള കരാർ പുതുക്കാത്തപക്ഷം ഫെറാരിയിൽ ഒഴിവുവരുന്ന സീറ്റ് സ്വന്തമാക്കാൻ ധാരാളം ഡ്രൈവർമാർ പ്രതീക്ഷയോടെ രംഗത്തുണ്ടായിരുന്നു. എന്നാൽ അടുത്ത സീസണിലും റൈക്കോണനിൽ തന്നെ വിശ്വാസമർപ്പിക്കാനായിരുന്നു ഫെറാരിയുടെ തീരുമാനം.

ഈ സീസണിലെ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തുള്ള റൈക്കോണൻ 2013ൽ ലോട്ടസ് ടീം വിട്ട ശേഷം ഒറ്റ ഗ്രാൻപ്രി പോലും വിജയിച്ചിട്ടില്ല. അതേസമയം സഹഡ്രൈവറായ സെബാസ്റ്റ്യൻ വെറ്റലാവട്ടെ ഈ സീസണിൽ പൂർത്തിയായ 11 ഗ്രാൻപ്രിയിൽ അഞ്ചെണ്ണത്തിൽ ജേതാവായിരുന്നു.

പ്രതീക്ഷിച്ചതിലും നേരത്തെയാണു റൈക്കോണനെ നിലനിർത്താനുള്ള തീരുമാനം ഫെറാരി പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ നിലയിൽ സ്വന്തം റൗണ്ടായ  മോൺസയിലെ ഇറ്റാലിയൻ ഗ്രാൻപ്രിക്കു ശേഷമാണ് ഫെറാരി ഇത്തരം പ്രഖ്യാപനങ്ങൾ നടത്താറുള്ളത്. 2007 — 2009 കാലത്ത് ഫെറാരിക്കായി മത്സരിച്ച റൈക്കോണൻ 2014ലാണു ടീമിൽ തിരിച്ചെത്തുന്നത്. അടുത്ത വർഷത്തോടെ ട്രാക്കിനോടു വിട പറയുമെന്നു കരുതുന്ന റൈക്കോണൻ അവസാന സീസണിൽ അതിസാഹസത്തിനു മുതിലില്ലെന്ന പ്രതീക്ഷയും ഫെറാരിക്കുണ്ട്. അതുകൊണ്ടുതന്നെ പരിചയസമ്പത്തിലും വേഗത്തിലും മുന്നിലുള്ള റൈക്കോണന് ഒരു വർഷം കൂടി അവസരം നൽകാൻ ടീം തീരുമാനിച്ചതാവാമെന്നാണു വിലയിരുത്തൽ. അതിനിടെ വെറ്റലും ഫെറാരിയുമായുള്ള കരാറും ഈ സീസണോടെ അവസാനിക്കുകയാണ്. റൈക്കോണന്റെ കരാർ ദീർഘിപ്പിക്കുന്നതായി പ്രഖ്യാപിക്കുമ്പോഴും വെറ്റലിനെപ്പറ്റി ഫെറാരി സൂചനയൊന്നും നൽകിയിട്ടുമില്ല. 

റെഡ്ബുള്ളിനൊപ്പം നാലു ലോക ചാംപ്യൻഷിപ് നേടിയ വെറ്റൽ നിലവിലുള്ള ചാംപ്യൻ ടീമായ മെഴ്സീഡിസിലേക്കു ചേക്കേറാനുള്ള സാധ്യതയും ചർച്ച ചെയ്യപ്പെടുന്നുണ്ട്. മെഴ്സീഡിസിന്റെ ഫിന്നിഷ് ഡ്രൈവർ വാൽത്തെരി ബൊത്താസിന്റെ കരാർ കാലാവധിയും ഇക്കൊല്ലം അവസാനിക്കുകയാണ്.  അതേസമയം അഭ്യൂഹങ്ങളിൽ കഴമ്പില്ലെന്നും കാലദൈർഘ്യമേറിയതും ആകർഷകവുമായ പുതിയ കരാർ വെറ്റലിനായി ഫെറാരി തയാറാക്കുന്നുണ്ടെന്നും വിശ്വസിക്കുന്നവരുമേറെയാണ്.