മൊബൈലിൽ സംസാരിച്ച് ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്ത യുവാവിനെ അടിച്ച പൊലീസിന് സസ്പെൻഷൻ

Image Captured From Youtube Video

ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾ ഒാടിക്കരുതെന്നതും മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്നതും അപകടങ്ങൾ ക്ഷണിച്ചു വരുത്തും. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമങ്ങൾ പൊലീസ് പലപ്പോഴും കർശനമാക്കുന്നത്. നിയമ ലംഘനം നടത്തുന്നവരിൽ നിന്ന് പൊലീസ് ഫൈൻ ഈടാക്കാറുമുണ്ട്. എന്നാൽ വേലി തന്നെ വിളവ് തിന്നാലോ?. 

നിയമം പാലിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥൻ തന്നെ നിയമം തെറ്റിച്ചാലോ? തീർച്ചയായും ചോദ്യം ചെയ്യണം അല്ലേ എന്നാൽ അതു ചോദ്യം ചെയ്ത യുവാവിന് കിട്ടിയ പ്രതിഫലം അടി.  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ പേരു കേട്ട‌ ചണ്ഡീഗഢിലാണ് സംഭവം അരങ്ങേറിയത്. കഴിഞ്ഞ  ദിവസമാണ് സംഭവം നടന്നത്. ഹെൽമെറ്റ് ശരിയായി ധരിക്കാതെ മൊബൈൽ ഫോണിൽ സംസാരിച്ച് ഇരുചക്രവാഹനം ഓടിച്ച ഹെ‍ഡ് കോൺസ്റ്റബിൾ സുരീന്ദർ സിങാണ് ഇത് ചോദ്യം ചെയ്ത് സുനിത് കുമാർ എന്ന യുവാവിനെ മർദിച്ചത്. 

സംഭവത്തിന്റെ ദൃശ്യങ്ങൾ‌ സുനിത് കുമാർ സമൂഹമാധ്യമങ്ങളിൽ കൂടി ഷെയർ ചെയ്തതോടെയാണ് വിവാദമാകുകയായിരുന്നു. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി വിഡിയോ തന്റെ ട്വിറ്ററിൽ പോസ്റ്റ് െചയ്തതോടെ വിവാദം കൂടുതൽ ആളിക്കത്തി. ഡിജിപിയും ഐജിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെ സുരീന്ദർ സിങ്ങിനെ സസ്പെന്റ് ചെയ്തും ട്രാഫിക്ക് നിയമം ലംഘിച്ചതിന് ഫൈൻ ഈടാക്കിയും തടി ഊരിയിരിക്കുകയാണ് ചണ്ഡീഗഢ് പൊലീസ്.