അ‍ഞ്ചു കോടിയുടെ റോൾസ് റോയ്സിന് മുകളിൽ മരം വീണാൽ ?

Image courtesy: News_Houndz

ആഡംബരത്തിന്റെ അവസാനവാക്കാണ് റോള്‍സ് റോയ്സ്. ശതകോടീശ്വരന്മാർക്ക് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന ഏകദേശം അ‍ഞ്ചു കോടി രൂപ വില വരുന്ന ഈ ആഡംബര വാഹനത്തിന് മുകളിൽ മരം വീണാലോ?. കാറിന് എന്തുപറ്റുമെന്ന് പറയാൻ സാധിക്കില്ല അല്ലേ?  എന്നാൽ സുരക്ഷയിലും നിർമാണ നിലവാരത്തിലും മുന്നില്‍ നിൽക്കുന്ന കാറിന് കാര്യമായൊന്നും സംഭവിക്കില്ലെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രം സൂചിപ്പിക്കുന്നത്.

Image courtesy: News_Houndz

മുംബൈയിലെ കനത്ത മഴയിലാണ് നരിമാൻ പോയിന്റിൽ പാർക്ക് ചെയ്ത് ഫാന്റത്തിന്റെ മുകളിൽ മരം മറിഞ്ഞ് വീണത്. എന്നാൽ ഫാന്റത്തിന്റെ ബൂട്ടിന് മാത്രമേ പരിക്കുകൾ പറ്റിയുള്ളൂ. മാത്രമല്ല വാഹനം ഓടിച്ചുകൊണ്ടു പോകാൻ സാധിച്ചെന്നും ചിത്രങ്ങൾ തെളിയക്കുന്നു. പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ എച്ചിഡിഐഎൽ ചെയർമാൻ രാകേഷ് കുമാർ വാദ്‌വാന്റെയാണ് വാഹനം.

നിലവിൽ നിർമാണത്തിലില്ലാത്ത ഫാന്റം സീരീസ് 1 മോഡലിന്റെ മുകളിലാണ് മരം മറിഞ്ഞ് വീണത്. 2003 നിർമാണം തുടങ്ങിയ കാറിന്റെ അവസാന മോഡൽ പുറത്തിറങ്ങിയത് 2012 ലാണ്. 6.8 ലീറ്റർ വി 12 പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 453 ബിഎച്ച്പി കരുത്തും 720 എൻഎം ടോർക്കുമുണ്ട്.

മഴയത്ത് വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.

∙ മഴയും കാറ്റുമുള്ള സമയത്ത് മരങ്ങളുടെ സമീപത്ത് പാർക്കു ചെയ്യാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. മുകളിൽ നിന്നുള്ള ചെറിയ കമ്പുകൾ പോലും ചിലപ്പോൾ കാറുകൾക്ക് വലിയ പരിക്കുകൾ ഏൽപ്പിച്ചേക്കാം.

∙ വെള്ളം തുടർച്ചയായി പതിക്കുന്നത് വാഹനത്തിന്റെ ബോഡിക്ക് നാശനഷ്ടമുണ്ടാക്കിയേക്കും. പെയിന്റ് നഷ്ടമായ ഭാഗങ്ങൾ എത്രയും പെട്ടെന്ന് ടച്ച് ചെയ്യിക്കുക. മൂന്നു കൊല്ലത്തിനു മേൽ പഴക്കമുള്ളതാണെങ്കിൽ കാറിന്റെ ഉൾവശത്തിനും അടിഭാഗത്തിനും റസ്റ്റ് പ്രൂഫ് പെയിന്റിങ് നടത്തുന്നത് നന്നായിരിക്കും. കൂടാതെ, മഴ നനഞ്ഞുവന്ന വാഹനം നനവോടെ മൂടിയിടരുത്. ഇത് പെയിന്റ് ഫിനിഷ് നശിപ്പിക്കും, തുരുമ്പിനെ ക്ഷണിച്ചു വരുത്തും. കഴിയുന്നതും നനയാത്തയിടത്ത് പാർക്കു ചെയ്യുന്നത് നന്നായിരിക്കും.