‘ബുള്ളറ്റു’മായി എൻഫീൽഡ് വിയറ്റ്നാമിൽ

റോയൽ എൻഫീൽഡ് വിയറ്റ്നാമിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നു. രാജ്യത്തു വിപണനം തുടങ്ങുന്നതിന്റെ ഭാഗമായി ഹോചിമിൻ സിറ്റിയിൽ കമ്പനി ഫ്ളാഗ്ഷിപ് സ്റ്റോറുംതുറന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണു ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡ് വിയറ്റ്നാമിലെത്തുന്നത്; ആഗോള തലത്തിൽ തന്നെ നാലാം സ്ഥാനത്തുള്ള ഇരുചക്രവാഹന വിപണിയാണു വിയറ്റ്നാം. 

അൽ നബൂദ ഇന്റർനാഷനൽ(വി എൻ) ആണു വിയറ്റ്നാമിലെ റോയൽ എൻഫീൽഡ് ഡീലർ. മൂന്നു മോഡലുകളാണു കമ്പനി തുടക്കത്തിൽ വിയറ്റ്നാമിൽ വിൽപ്പനയ്്ക്കെത്തിക്കുക: ‘ബുള്ളറ്റ് 500’, ‘ക്ലാസിക് 500’, ‘കോണ്ടിനെന്റൽ ജി ടി 535’. ആഗോളതലത്തിൽ തന്നെ 250 മുതൽ 750 സി സി വരെ എൻജിൻ ശേഷിയുള്ള ഇടത്തരം മോട്ടോർ സൈക്കിൾ വിഭാഗത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡിന്റെ നീക്കം. 

ഇടത്തരം മോട്ടോർ സൈക്കിൾ വിഭാഗത്തെ ആഗോളതലത്തിൽ വീണ്ടെടുക്കാനും നയിക്കാനുമാണു റോയൽ എൻഫീൽഡ് ലക്ഷ്യമിടുന്നതെന്നു കമ്പനി പ്രസിഡന്റ് രുദ്രതേജ് സിങ് അറിയിച്ചു. ഇന്ത്യയിൽ വികസിച്ചു വരുന്ന ഈ വിഭാഗം ആഗോളതലത്തിലും വൻസാധ്യതയാണു സമ്മാനിക്കുന്നത്. ഇത്തരം മോഡലുകൾക്കായുള്ള ആഗോളതലത്തിലെ വിപണന തന്ത്രത്തിൽ സുപ്രധാന വിപണിയാണു ദക്ഷിണേഷ്യ. യുവാക്കളും ഇരുചക്രവാഹന യാത്രക്കാരും ഏറെയുണ്ടെന്നതാണു വിയറ്റ്നാമിന്റെ ആകർഷണമെന്നും സിങ് അഭിപ്രായപ്പെട്ടു. 

ദക്ഷിണേഷ്യയിലെ വിപുലീകരണത്തിന്റെ ഭാഗമായി ജക്കാർത്തയിലും ബാലിയിലുമായി രണ്ട് എക്സ്ക്ലൂസീവ് സ്റ്റോറുകളോടെ റോയൽ എൻഫീൽഡ് ഇന്തൊനീഷയിൽ ഇടംപിടിച്ചിട്ടുണ്ട്; ജക്കാർത്തയ്ക്കു പുറത്തായി കമ്പനിയുടെ റോയൽ എൻഫീൽഡ് ഗീയർ സ്റ്റോറും പ്രവർത്തിക്കുന്നുണ്ട്. തായ്ലൻഡിലാവട്ടെ ബാങ്കോക്കിലാണു കമ്പനി സ്റ്റോർ തുറന്നത്.