‘ഹാർലി ഡേവിഡ്സൻ യൂണിവേഴ്സിറ്റി’ ഇന്ത്യയിലേക്ക്

കമ്പനിയുടെയും ഡീലർമാരുടെയും ജീവനക്കാരെ പരിശീലിപ്പിക്കാനുള്ള  ‘ഹാർലി ഡേവിഡ്സൻ യൂണിവേഴ്സിറ്റി’ ഇന്ത്യയിലുമെത്തി. യു എസ് ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സന്റെ വൈദഗ്ധ്യ പരിശീലന കേന്ദ്രമാണ് ‘ഹാർലി ഡേവിഡ്സൻ യൂണിവേഴ്സിറ്റി’; ഇതാദ്യമായാണു ഹാർലി ഇന്ത്യയിൽ സ്വന്തം ‘സർവകലാശാല’ ആരംഭിക്കുന്നത്.

സാങ്കേതിക പരിശീലനത്തിനു പുറമെ മാനേജ്മെന്റ് മുതൽ ഫിനാൻസ്, ബ്രാൻഡിങ് വിഷയങ്ങളിലെ വൈവിധ്യമാർന്ന കോഴ്സുകളും ‘ഹാർലി ഡേവിഡ്സൻ സർവകലാശാല’ നടത്തുന്നുണ്ട്. ഏഷ്യ പസഫിക് മേഖലയിൽ മൂന്നു സർവകലാശാലകളാണു നിലവിൽ ഹാർലി ഡേവിഡ്സനുള്ളത്. ഇത്തരത്തിലുള്ള നാലാമത്തെ കേന്ദ്രമാണ് ഡൽഹിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. 

ഇന്ത്യയിൽ ജീവനക്കാരിലും വിഭവങ്ങളിലും നിക്ഷേപിക്കുന്നതു തുടരുമെന്ന് ഹാർലി ഡേവിഡ്സൻ ഇന്ത്യ ആൻഡ് ചൈന മാനേജിങ് ഡയറക്ടർ പീറ്റർ മക്കെൻസി അഭിപ്രായപ്പെട്ടു. വരുംആഴ്ചകളിൽ ഡൽഹിയിൽ പ്രവർത്തനം ആരംഭിക്കുന്ന ‘ഹാർലി ഡേവിഡ്സൻ യൂണിവേഴ്സിറ്റി’ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെയും രാജ്യത്തെ ഡീലർഷിപ്പുകളിലെയും ജീവനക്കാർക്ക് സാങ്കേതിക, സാങ്കേതിക ഇതര മേഖലകളിലെ പരിശീലനം നൽകുകയാണു സർവകലാശാലയുടെ ദൗത്യമെന്നും അദ്ദേഹം വിശദീകരിച്ചു. 

ഹാർലി ഡേവിഡ്സൻ സമൂഹത്തിനു മാത്രമാണു സർവകലാശാല പ്രയോജനപ്പെടുകയെന്നും മക്കെൻസി വ്യക്തമാക്കി. സാങ്കേതിക വിഭാഗം കോഴ്സുകൾക്കു പുറമെ മാനേജ്മെന്റ്, ഫിനാൻസ്, ബ്രാൻഡിങ് മേഖലകളിലും സർവകലാശാല പരിശീലനം ലഭ്യമാക്കും. അതേസമയം പരിശീലകരുടെ എണ്ണമോ സർവകലാശാല എത്ര തൊഴിലവസരം സൃഷ്ടിക്കുമെന്നോ മക്കെൻസി വെളിപ്പെടുത്തിയില്ല.

‘സ്ട്രീറ്റ് 750’, ‘സ്ട്രീറ്റ് റോഡ്’ തുടങ്ങിയ മോഡലുകൾ വിൽപ്പനയ്ക്കെത്തിച്ച് 2009 മുതൽ ഹാർലി ഡേവിഡ്സൻ ഇന്ത്യയിലുണ്ട്. നിലവിൽ 14 ബൈക്കുകളാണു കമ്പനിയുടെ മോഡൽ ശ്രേണിയിലുള്ളത്; രാജ്യത്ത് 27 ഡീലർഷിപ്പുകളും ഹാർലി ഡേവിഡ്സണുണ്ട്.