ഇന്ത്യൻ വിപണി വിഹിതത്തിൽ അതൃപ്തരെന്നു ടൊയോട്ട

ഇന്ത്യയിലെ നിലവിലുള്ള വിപണി വിഹിതത്തിൽ തൃപ്തരല്ലെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട. കരുത്തുറ്റതും കാഠിന്യമേറിയതും ഒപ്പം വളർച്ചാ സാധ്യതയേറിയതുമായ കാർ വിപണിയാണ് ഇന്ത്യയിലേതെന്ന് ടൊയോട്ട മോട്ടോർ കോർപറേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡിഡിയർ ലെറൊയ് അഭിപ്രായപ്പെട്ടു. അതേസമയം തന്നെ കമ്പനിയെ സംബന്ധിച്ചിടത്തോളം സുപ്രധാന വിപണിയുമാണ് ഇന്ത്യ. നിലവിൽ ഇന്ത്യൻ വിപണിയിലെ പ്രധാന നിർമാതാക്കൾക്കൊപ്പം ഇടംപിടിക്കാൻ ടൊയോട്ടയ്ക്കു സാധിച്ചിട്ടില്ല; ഇപ്പോഴത്തെ വിപണി വിഹിതത്തിലും കമ്പനി തൃപ്തരല്ലെന്നും ടോക്കിയോ മോട്ടോർ ഷോയ്ക്കിടെ അദ്ദേഹം വ്യക്തമാക്കി.

ടൊയോട്ടയുടെയും കിർലോസ്കർ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)ന് ഇന്ത്യൻ കാർ വിപണിയിൽ 10% വിഹിതം പോലും നേടാനായിട്ടില്ല. മികച്ച ഉൽപന്ന ശ്രേണിയും ഗുണമേന്മയും ദൃഢതയും വിശ്വാസ്യതയുമൊക്കെ കൈമുതലാക്കി ഉപയോക്താക്കൾക്കു കൂടുതൽ മൂല്യം ഉറപ്പുനൽകാൻ ടൊയോട്ടയ്ക്കു കഴിയുമെന്നും ലെറോയ് അവകാശപ്പെട്ടു.

ചരക്ക്, സേവന നികുതി(ജി എസ് ടി) നടപ്പായതോടെ സങ്കര ഇന്ധന മോഡലുകൾക്ക് വിലയേറിയതു ‘കാംറി ഹൈബ്രിഡി’നു തിരിച്ചടിയായെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കാർ വില കൂടിയതോടെ ഇന്ത്യയിൽ ‘കാംറി ഹൈബ്രിഡ്’ ഉൽപ്പാദനം പരിമിതപ്പെടുത്താൻ ടൊയോട്ട നിർബന്ധിതരായിട്ടുണ്ട്. എന്നാൽ ഈ മോഡൽ ഇന്ത്യയിൽ നിന്നു പിൻവലിക്കുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

വൈകാതെ ‘കാംറി ഹൈബ്രിഡ്’ ഉൽപ്പാദനം പുനഃരാരംഭിക്കാനാവുമെന്നു ലെറോയ് പ്രതീക്ഷ പ്രകടിപ്പിച്ചു. സങ്കര ഇന്ധന സാങ്കേതികവിദ്യയുടെ പിൻബലമുള്ള മോഡലുകളിലൂടെ ഇന്ത്യൻ വിപണിയിൽ നേട്ടം കൊയ്യാനാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

വൈദ്യുത വാഹനങ്ങളോട് ഇന്ത്യയ്ക്കുള്ള ആഭിമുഖ്യം പ്രയോജനപ്പെടുത്താനും ടൊയോട്ടയ്ക്കു കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. മികച്ച ഉൽപന്ന ശ്രേണിയുടെ പിൻബലത്തിൽ നിരത്തുകളിൽ വൈദ്യുത വാഹനങ്ങൾ നിറയ്ക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനു പിന്തുണ നൽകാൻ ടൊയോട്ടയ്ക്കു കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.