ഹ്യുണ്ടേയ് ഇന്ത്യയുടെ മൊത്തം വിൽപ്പന അര കോടി

Hyundai Verna

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡി(എച്ച് എം ഐ എൽ)ന്റെ ആഭ്യന്തര ഉൽപ്പാദനം അര കോടി പിന്നിട്ടു. ചെന്നൈയ്ക്കടുത്ത് ശ്രീപെരുമ്പുത്തൂരിലെ ഇരിങ്ങാട്ടുകോട്ടൈയിലെ ശാലയിൽ നിന്നു പുറത്തെത്തിയ പുതുതലമുറ ‘വെർണ’യാണു ഹ്യുണ്ടേയിയുടെ ഇന്ത്യയിലെ ഉൽപ്പദാനം 50 ലക്ഷം യൂണിറ്റിലെത്തിച്ചത്.

ഇന്ത്യൻ വാഹന വ്യവസായത്തിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിച്ചതിന്റെ പെരുമ ഹ്യുണ്ടേയിക്കാണെന്നു കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അവകാശപ്പെട്ടു. ഇന്ത്യൻ വിപണിയോടു ഹ്യുണ്ടേയിക്കുള്ള ദീർഘകാല പ്രതിബദ്ധതയാണ് ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ 1998ൽ പ്രവർത്തനം ആരംഭിച്ച ഹ്യുണ്ടേയ് 2007ലാണ് മൊത്തം ഉൽപ്പാദനം 10 ലക്ഷത്തിലെത്തിച്ചത്; അന്ന് എട്ടു വർഷവും ഏഴു മാസവും കൊണ്ടാണു കമ്പനി 10 ലക്ഷം വാഹനങ്ങൾ നിർമിച്ചത്.

തുടർന്ന് 2013 ജൂലൈയിൽ ഹ്യുണ്ടേയിയുടെ ഉൽപ്പാദനം 30 ലക്ഷത്തിലെത്തി; 20 ലക്ഷത്തിൽ നിന്നു 30 ലക്ഷത്തിലേക്കുള്ള കുതിപ്പിനു വേണ്ടിവന്നത് രണ്ടു വർഷവും എട്ടു മാസവുമായിരുന്നു. അടുത്ത രണ്ടു വർഷവും നാലു മാസവും കഴിഞ്ഞപ്പോൾ 2015 നവംബറിൽ ഹ്യുണ്ടേയിയുടെ മൊത്തം ഉൽപ്പാദനം 40 ലക്ഷം യൂണിറ്റിലുമെത്തി.

ഉൽപന്നശ്രേണി വിപുലീകരിച്ചും പുതിയ മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചും വിൽപ്പന, വിൽപ്പനാന്തര സേവന ശൃംഖലവിപുലീകരിച്ചുമൊക്കെയാണു ഹ്യുണ്ടേയ് ഇന്ത്യയിൽ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കു കുതിക്കുന്നത്. നിലവിൽ 2,200 വിൽപ്പന — വിൽപ്പനാന്തര സേവന കേന്ദ്രങ്ങളാണു കമ്പനിക്ക് ഇന്ത്യയിലുള്ളത്; ഇതിൽ 422 എണ്ണം ഗ്രാമീണ മേഖലയിലുമാണ്.

കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ ‘സാൻട്രോ’, ‘ഇയോൺ’, ‘വെർണ’, ‘ക്രേറ്റ’, ‘ഗ്രാൻഡ് ഐ 10’, ‘എലീറ്റ് ഐ 20’, ‘ഐ 20 ആക്ടീവ്’ തുടങ്ങിയവ ചേർന്നാണു ഹ്യുണ്ടേയിക്ക് ഇന്ത്യയിൽ മികച്ച നേട്ടം സമ്മാനിച്ചത്. കഴിഞ്ഞ വർഷം ഹ്യുണ്ടേയ് ചെന്നൈ ശാലയുടെ മൊത്തം ഉൽപ്പാദനം 70 ലക്ഷം യൂണിറ്റ് പിന്നിട്ടിരുന്നു; ആഭ്യന്തര വിപണിക്കൊപ്പം കയറ്റുമതിയിലെ തകർപ്പൻ പ്രകടനവും ചേർന്നാണ് കമ്പനിക്ക് ഈ നേട്ടം സമ്മാനിച്ചത്.