സൗദി അറേബ്യയിലേക്കു ‘വെർണ’ കയറ്റുമതി തുടങ്ങി

ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) നിർമിച്ച 2,022 ‘വെർണ’ കാറുകൾ സൗദി അറേബ്യയിലേക്കു കയറ്റുമതി ചെയ്തു. ‘അക്സന്റ്’ എന്ന പേരിലാണ് ഇന്ത്യൻ നിർമിത ‘വെർണ’ റിയാദിൽ വിൽപ്പനയ്ക്കെത്തുക. മധ്യ പൂർവ രാജ്യങ്ങളിലേക്കു മൊത്തം 10,501 ‘വെർണ’ കയറ്റുമതി ചെയ്യാനുള്ള കരാറായിരുന്നു ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയിയുടെ ഉപസ്ഥാപനമായ എച്ച് എം ഐ എൽ നേടിയത്. ഇതിൽ ആദ്യ ബാച്ചിൽപെട്ട 2,022 കാറുകളാണ് ഇപ്പോൾ കമ്പനി കയറ്റിവിട്ടത്.

ആഗോള നിലവാരമുള്ള സെഡാനാണു പുതുതലമുറ ‘വെർണ’യെന്ന് എച്ച് എം ഐ എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഉപയോക്താക്കൾ തകർപ്പൻ വരവേൽപ്പാണു പുതിയ ‘വെർണ’യ്ക്കു നൽകിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയോടു പ്രതിബദ്ധതയർപ്പിച്ചു നിർമിച്ച ‘വെർണ’ സൗദി അറേബ്യയിലേക്കു കയറ്റുമതി ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

അടുത്ത വർഷം മുതൽ ദക്ഷിണ ആഫ്രിക്കയിലേക്കും ഗൾഫ്, ഏഷ്യൻ മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കും ഇന്ത്യൻ നിർമിത ‘വെർണ’ കയറ്റുമതി ചെയ്യാനാണു ഹ്യുണ്ടേയിയുടെ പദ്ധതി. ആഭ്യന്തര വിപണിയിലും മികച്ച സ്വീകരണമാണു പുത്തൻ ‘വെർണ’യ്ക്കു ലഭിച്ചത്. നിരത്തിലെത്തി നാലു മാസത്തിനകം ഒന്നേ മുക്കാൽ ലക്ഷത്തോളം അന്വേഷണങ്ങളാണു കാറിനെ തേടിയെത്തിയത്; 24,000 ബുക്കിങ്ങുകളും പുതു ‘വെർണ’ വാരിക്കൂട്ടി.