ഇന്ത്യയിലെ വിൽപ്പന മൂന്നിരട്ടിയാവുമെന്നു ലംബോർഗിനി

Lamborghini Urus

അടുത്ത മൂന്നു വർഷത്തിനിടെ ഇന്ത്യയിലെ കാർ വിൽപ്പനയിൽ മൂന്നിരട്ടി വർധന പ്രതീക്ഷിക്കുന്നതായി ഇറ്റാലിയൻ സൂപ്പർ സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗിനി. അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഉറുസി’നു മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.  കഴിഞ്ഞ വർഷം 26 കാറുകളാണു ലംബോർഗിനി ഇന്ത്യയിൽ വിറ്റത്. എന്നാൽ മൂന്നു കോടിയോളം രൂപ വില നിശ്ചയിച്ച് കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയിലെത്തിയ ‘ഉറുസ്’ ഇക്കൊല്ലത്തെ പ്രകടനം മെച്ചപ്പെടുത്തുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

പരിമിതമായ വളർച്ച കൈവരിച്ചാൽ പോലും ഇന്ത്യയിലെ വിൽപ്പന ഇരട്ടിയാവുമെന്നായിരുന്നു ഓട്ടമൊബിലി ലംബോർഗിനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സ്റ്റെഫാനൊ ഡെമനിസലിയുടെ വിലയിരുത്തൽ. എന്നാൽ ‘ഉറുസ്’ കൂടിയെത്തിയതോടെ വിൽപ്പന മൂന്നിരട്ടിയായാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ വിപണിയിൽ മികച്ച വളർച്ച കൈവരിക്കാൻ ‘ഉറുസി’ന്റെ വരവ് വഴി തെളിക്കുമെന്നാണു പ്രതീക്ഷ. ഉജ്വല വരവേൽപ്പാണ് ‘ഉറുസി’ന് ഇന്ത്യയിൽ ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. മികച്ച വളർച്ചാസാധ്യതയുള്ള വിപണിയായാണ് ലംബോർഗ്നി ഇന്ത്യയെ കാണുന്നതെന്നും ഡൊമനിസലി വ്യക്തമാക്കി.

അടിസ്ഥാന സൗകര്യവും അനുകൂല കാലാവസ്ഥയുമൊക്കെ സൂപ്പർ സ്പോർട്സ് കാർ വിൽപ്പനയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ‘ഉറുസ്’ ഇതിനൊക്കെ അതീതമാണെന്നു ഡൊമനിസലി അഭിപ്രായപ്പെട്ടു. ‘ഉറുസി’നു പുറമെ ‘അവന്റഡോർ’, ‘ഹുറാകാൻ’ എന്നീ കാറുകളും ലംബോർഗ്നി ഇന്ത്യയിൽ വിൽക്കുന്നുണ്ട്. രണ്ടു കോടിയിലേറെ രൂപ വിലയും 400 ബി എച്ച് പിയിലേറെ എൻജിൻ കരുത്തുമുള്ള കാറുകളുടെ വിഭാഗത്തിൽ ഫെറാരിയോടാണു ല ബോർഗ്നിയുടെ മത്സരം.  ആഗോളതലത്തിൽ കഴിഞ്ഞ വർഷം 3,800 യൂണിറ്റാണു ലംബോർഗ്നി വിറ്റത്; അടുത്ത രണ്ടു വർഷത്തിനകം വിൽപ്പന 7,500 യൂണിറ്റിലെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.