പഴയ ബുള്ളറ്റ് വിൽക്കാൻ ‘വിന്റേജ്’ ഷോറൂമുമായി റോയൽ എൻഫീൽഡ്

Royal Enfield Vintage

ഉപയോഗിച്ച മോട്ടോർ സൈക്കിളുകളുടെ വിപണനത്തിനായി റോയൽ എൻഫീൽഡ് പ്രത്യേക ഷോറൂമുകൾ തുറക്കുന്നു. ‘ബുള്ളറ്റ്’ ശ്രേണിയിലെ യൂസ്ഡ് ബൈക്കുകളുടെ വ്യാപാരത്തിനായാണു റോയൽ എൻഫീൽഡ് പുതിയ ഷോറൂം ശൃംഖലയ്ക്കു തുടക്കമിടുന്നത്. സുതാര്യമായ നടപടിക്രമം പാലിച്ച് പ്രീ ഓൺഡ്, റീഫർബിഷ്ഡ്, റിസ്റ്റോഡ് മോട്ടോർ സൈക്കിളുകൾ വിൽപ്പനയ്ക്കെത്തിക്കാനാണ് ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡിന്റെപദ്ധതി. 

പ്രീ ഓൺഡ് റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുകളുടെ വിൽപ്പനയ്ക്കുള്ള ആദ്യ സ്റ്റോർ ചെന്നൈയിലാണു പ്രവർത്തനം ആരംഭിച്ചത്; പള്ളിക്കരണൈയിൽ വേളാച്ചേരി മെയിൻ റോഡിൽ മൈലൈ ബാലാജി നഗറിലാണ് ഈ സ്റ്റോർ. നിലവിലുള്ളവർക്കൊപ്പം ഭാവി ഉപയോക്താക്കൾക്കും ‘ബുള്ളറ്റ്’ കൈമാറ്റം സാധ്യമാക്കുകയാണ് പുത്തൻ സ്റ്റോറുകളുടെ ലക്ഷ്യം; റോയൽ എൻഫീൽഡ് ബാഡ്ജുള്ള വാഹനങ്ങൾ മാത്രമാവും ഈ ‘വിന്റേജ്’ സ്റ്റോറുകളിൽ കൈകാര്യം ചെയ്യുകയെന്നും കമ്പനി വ്യക്തമാക്കുന്നു. 

മൂന്നു തരം ഇടപാടുകളാണു ‘വിന്റേജ്’ സ്റ്റോറിലുണ്ടാവുക: പ്രീ ഓൺഡ് മോട്ടോർ സൈക്കിൾ, റീഫർബിഷ്ഡ് മോട്ടോർ സൈക്കിൾ, റിസ്റ്റോർഡ് മോട്ടോർ സൈക്കിൾ. പഴയ വാഹനം പരിശോധിച്ച് ഉടമയുടെ താൽപര്യപ്രകാരമുള്ള റീഫർബിഷ്മെന്റ് നടത്തി നൽകാനാണു കമ്പനിയുടെ ആലോചന. പഴക്കമേറിയ മോട്ടോർ സൈക്കിളുകൾ അറ്റകുറ്റപ്പണി നടത്തി യഥാർഥ രൂപം വീണ്ടെടുത്തു നൽകുകയാണു ‘വിന്റേജ്’ വിഭാഗത്തിന്റെ ദൗത്യം. 

മോട്ടോർ സൈക്കിളുകളുടെ ഗുണനിലവാരം പരിശോധിച്ച് റോയൽ എൻഫീൽഡ് പരിശീലിപ്പിച്ച സാങ്കേതിക വിദഗ്ധരാൽ റീഫർബിഷ് ചെയ്തോ അറ്റകുറ്റപ്പണി നടത്തി സാക്ഷ്യപത്രം സഹിതം വിൽക്കാനാണു പരിപാടി. യഥാർഥ മോട്ടോർ സൈക്കിൾ ഘടകങ്ങളും സ്പെയറുകളും ഉപയോഗിച്ച് 92 പോയിന്റ് ക്വാളിറ്റി ചെക്കും നടത്തിയാവും റോയൽ എൻഫീൽഡ് വിന്റേജ് ബൈക്കുകളെ വിൽപ്പനയ്ക്കെത്തിക്കുക.