ഇന്ത്യൻ നിർമിത ‘സെഡ് എക്സ് - 10 ആർ’ വരുന്നു

പ്രാദേശിക അസംബ്ലിങ് വർധിച്ച് വാഹന വില കുറയ്ക്കാൻ ജാപ്പനീസ് നിർമാതാക്കളായ കാവസാക്കിക്കു പദ്ധതി. കഴിഞ്ഞ വർഷം ‘നിൻജ 1000’ ഇന്ത്യയിൽ അസംബ്ലിങ് ആരംഭിക്കുമെന്നു പ്രഖ്യാപിച്ചു കമ്പനി വിപണിയെ അദ്ഭുതപ്പെടുത്തിയിരുന്നു. തുടർന്നു ബൈക്കിന്റെ സെമി നോക്ക്ഡ് ഡൗൺ(എസ് കെ ഡി) കിറ്റുകൾ ഇറക്കുമതി ചെയ്ത് ‘നിൻജ 1000’ അസംബ്ലിങ്ങും ആരംഭിച്ചു. ഇതോടെ ബൈക്കിന്റെ വില 9.98 ലക്ഷം രൂപയായി കുറയുകയും ‘നിൻജ’യ്ക്ക് ആവശ്യക്കാരേറുകയും ചെയ്തു.

ഇപ്പോഴിതാ ‘സെഡ് എക്സ് - 10 ആർ’ ബൈക്കും പ്രാദേശികമായ അസംബ്ൾ ചെയ്തു വില കുറയ്ക്കാനാണു കാവസാക്കിയുടെ നീക്കം. ട്രാക്ക് കേന്ദ്രീകൃത സ്പോർട്സ് ബൈക്കായ ‘സെഡ് എക്സ് — 10 ആറി’ന് 18.80 ലക്ഷം രൂപയാണ് ഇപ്പോൾ ഇന്ത്യയിലെ വില.

എന്നാൽ പ്രാദേശിക അസംബ്ലിങ് ആരംഭിക്കുന്നതോടെ ഈ വിലയിൽ ഗണ്യമായ ഇളവ് ലഭിക്കുമെന്നാണു പ്രതീക്ഷ. മിക്കവാറും 14 ലക്ഷം രൂപയിലും താഴെ മുടക്കി ഈ സൂപ്പർ ബൈക്ക് സ്വന്തമാക്കാൻ അവസരമൊരുങ്ങും. ഇതോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന ലീറ്റർ ക്ലാസ് സൂപ്പർ ബൈക്കായും ‘സെഡ് എക്സ് — 10 ആർ’ മാറും. നിലവിൽ ഹോണ്ടയുടെ ‘സി ബി ആർ 1000 ആർ ആർ ഫയർബ്ലേഡി’നാണ് ഈ പെരുമ. വിദേശ നിർമിത ബൈക്കുകൾക്കുള്ള ഡ്യൂട്ടി ഇളവിന്റെ ആനുകൂല്യം മുതലെടുത്ത് 14.78 ലക്ഷം രൂപയ്ക്കാണു ഹോണ്ട ‘സി ബി ആർ 1000 ആർ ആർ’ വിൽക്കുന്നത്; ‘സി ബി ആർ 1000 ആർ ആർ എസ് പി’യുടെ വിലയാവട്ടെ 18.68 ലക്ഷം രൂപയുമാണ്.

ജപ്പാനിൽ നിന്നുള്ള കിറ്റുകൾ ഇറക്കുമതി ചെയ്ത് പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിൽ ‘സെഡ് എക്സ് — 10 ആർ’ അസംബ്ൾ ചെയ്യാനാണു കാവസാക്കിയുടെ നീക്കം. മിക്കവാറും ജൂണോടെ ഇന്ത്യയിൽ നിർമിച്ച ‘സെഡ് എക്സ് — 10 ആർ’ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ലോകത്ത് ഇപ്പോഴുള്ളതിൽ ഏറ്റവും വേഗമേറിയ മോട്ടോർ സൈക്കിളുകൾക്കൊപ്പമാണു ‘സെഡ് എക്സ് — 10 ആറി’നു സ്ഥാനം. 200 എച്ച് പി കരുത്തു സൃഷ്ടിക്കുന്ന എൻജിന്റെ പിൻബലത്തിൽ തകർപ്പൻ പ്രകടനമാണ് ഈ ബൈക്ക് വേൾഡ് സൂപ്പർ ബൈക്ക് ചാംപ്യൻഷിപ്പിൽ കാഴ്ചവയ്ക്കുന്നത്. കാവസാക്കി ടീമിലെ ജൊനാഥൻ റീ കഴിഞ്ഞ മൂന്നു ചാംപ്യൻഷിപ്പുകളാണു തുടർച്ചയായി ജയിച്ചത്.