പിയാജിയൊ ഇന്ത്യ ഉൽപ്പാദനം 25 ലക്ഷം പിന്നിട്ടു

ഇറ്റലിയിലെ പിയാജിയൊ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ പിയാജിയൊ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡി(പി വി പി എൽ) ന്റെ ഇന്ത്യയിലെ ചെറുവാണിജ്യ വാഹന(എസ് സി വി) ഉൽപ്പാദനം 25 ലക്ഷത്തിലെത്തി. മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള ശാലയിൽ നിന്നു പുറത്തെത്തിയ ‘ആപെ എക്സ്ട്രാ എൽ ഡി എക്സ്’ ആണു കമ്പനിയുടെ മൊത്തം ഉൽപ്പാദനം കാൽ കോടിയിലെത്തിച്ചത്.

ഈ നേട്ടം കൈവരിച്ചതിന്റെ ആഹ്ലാദസൂചകമായി ഉപയോക്താക്കൾക്കുള്ള വിവിധ പദ്ധതികളും കമ്പനി പ്രഖ്യാപിച്ചു; ‘സൂപ്പർ വാറന്റി’ പ്രോഗ്രാം, വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി തുടങ്ങിയവയ്ക്കാണു കമ്പനി തുടക്കമിട്ടത്. 

കൂടാതെ സമ്മർദിത പ്രകൃതി വാതക(സി എൻ ജി)ത്തിലും ദ്രവീകൃത പെട്രോളിയം വാതക(എൽ പി ജി)ത്തിലും ഓടുന്ന ത്രിചക്രവാഹനങ്ങളും ‘ആപെ’ ശ്രേണിയിൽ പിയാജിയൊ ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്.

അവസാന മൈൽ കണക്ടിവിറ്റി വിഭാഗത്തിൽ വിപണി സൃഷ്ടിച്ചതും വളർത്തിയതും സ്വന്തമാക്കിയതും പിയാജിയൊയാണെന്ന് കമ്പനി ചെയർമാൻ രവി ചോപ്ര അവകാശപ്പെട്ടു. പിയാജിയൊ ഉൽപന്നങ്ങളിൽ ഉപയോക്താക്കൾക്കുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഉൽപ്പാദനം 25 ലക്ഷത്തിലെത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൂപ്പർ വാറന്റി പോലുള്ള പദ്ധതികളിലൂടെ വാഹന ഉടമസ്ഥതയ്ക്കുള്ള ചെലവ് കുറയ്ക്കാനും ഉപയോക്താക്കളുടെ വരുമാനം ഉയർത്താനുമാണ് കമ്പനി ശ്രമിക്കുന്നതെന്ന് പിയാജിയൊ വെഹിക്കിൾസ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡീഗൊ ഗ്രാഫി വിശദീകരിച്ചു. അത്യാഹിതങ്ങൾ സംഭവിക്കുന്ന പക്ഷം വാഹന ഉടമയുടെയോ ഡ്രൈവറുടെയോ കുടുംബത്തിനു തുണയാവാൻ ലക്ഷ്യമിട്ടാണ് വ്യക്തിഗത അപകട ഇൻഷുറൻസ് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.