വിപണി ഇളക്കി മറിക്കാൻ മഹീന്ദ്രയുടെ ത്രിമൂർത്തികൾ

Mahindra

യുവി സെഗ്‍മെന്റിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ മഹീന്ദ്ര എത്തുന്നു. മാരുതി സുസുക്കി കൈയടക്കിയെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ മൂന്ന് പുതിയ വാഹനങ്ങളാണ് മഹീന്ദ്ര വിപണിയിലെത്തിക്കുക. അടുത്ത വർഷം പകുതിയിൽ മൂന്നു വാഹനങ്ങളും പുറത്തിറക്കും. മരാസോ എന്ന എംയുവിയായിരിക്കും ആദ്യമെത്തുക തുടർന്ന് എക്സ്‍‌യുവി 700 അതിനുശേഷം എക്സ്‌യുവി 300 എത്തും.

മഹീന്ദ്ര മരാസോ

ടൊയോട്ട ഇന്നോവ, ടാറ്റ ഹെക്സ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാൻ മഹീന്ദ്ര പുറത്തിറക്കുന്ന എംയുവിയാണ് മരാസോ. സ്രാവിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് മരാസോയുടെ ഡിസൈൻ. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യവാഹനവും പെനിൻഫെരിയുമായി ചേർന്ന് വികസിപ്പിച്ച ആദ്യവാഹനവും മരാസോയാണ്. സെഗ്മെന്റിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി ഫീച്ചറുകളുണ്ട് മരാസോയിൽ. സറൗണ്ട് എസിയാണ് അതിൽ പ്രധാനി. ഏഴു സീറ്റ്, എട്ടു സീറ്റ് ലേഔട്ടുകളിൽ മരാസോ ലഭിക്കും. കൂടാതെ നാലു വീൽ ഡ്രൈവ് മോ‍ഡുള്ള ആദ്യ എംയുവിയുടെ മരാസോയായിരിക്കും. പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനാകും മരാസോയിൽ. 121 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ട്. തുടക്കത്തിൽ ആറ് സ്പീഡ് മാനുവലും പിന്നീട് ഓട്ടമാറ്റിക് ഗിയർബോക്സും ലഭിക്കും. 1.5 ലീറ്റർ പെട്രോൾ എൻജിനും ലഭിച്ചേക്കും.

എക്സ്‌യുവി 700 

പ്രീമിയം എസ്‍‌യുവി വിപണിലേക്ക് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനം. ടൊയോട്ട ഫോർച്യൂണറാണ് പ്രധാന എതിരാളി. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‍യോങിന്റെ റെക്സ്റ്റണിന്റെ പുതിയ മോഡലിലാണ് മഹീന്ദ്രയുടെ ബ്രാൻഡിൽ എത്തുക. വൈ 400 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന എസ് യു വി രണ്ടാമത്തെ വാഹനമായി വിപണിയിലെത്തും. പ്രീമിയം ലുക്കാണ് വാഹനത്തിന്. പെട്രോൾ ഡീസൽ പതിപ്പുകളുണ്ട്. 2.0 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിന് 225 ബിഎച്ച്പി കരുത്തും 349 എൻഎം ടോർക്കും. 2.2 ലീറ്റർ ടർബൊ ഡീസൽ എൻജിൻ 184 ബിഎച്ച്പി കരുത്തും 420 എൻഎം ടോർക്കും. ഫോർച്യൂണറിനെക്കാള്‍ നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ വിലക്കുറവായിരിക്കും വൈ 400 എന്നാണ് പ്രതീക്ഷിക്കുന്നത്.

എക്സ്‌യുവി 300

മാരുതിയുടെ ഏറ്റവും വി‍ൽപ്പനയുള്ള യു വി വിറ്റാര ബ്രെസയെ ലക്ഷ്യം വെച്ച് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനം. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കി നിർമിച്ച എക്സ്‌യുവി 300 ഉടൻ പുറത്തിറങ്ങും. അഞ്ച് സീറ്റ്, ഏഴ് സീറ്റ് വകഭേദങ്ങളിൽ പുറത്തിറക്കാനാണ് പദ്ധതി. നാലുമീറ്ററിൽ താഴെ നീളവുമായി എത്തുന്ന അഞ്ചു സീറ്റർ വകഭേദം മാരുതി ബ്രെസ, ടാറ്റ നെക്സോൺ, ഫോഡ് ഇക്കോസ്പോർട് എന്നിവരുമായാണ് മത്സരിക്കുമ്പോൾ നാലു മീറ്ററിൽ മുകളിൽ നീളമുള്ള ഏഴു സീറ്റർ മോ‍ഡൽ ഹ്യുണ്ടേയ് ക്രേറ്റ, റെനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കും. പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമുണ്ടാകും. ഏഴു മുതൽ 12 ലക്ഷം വരെയായിരിക്കും വില.