സാൻട്രോയ്ക്ക് ഉജ്വല സ്വീകരണം, ലഭിച്ചത് 35000 ബുക്കിങ്ങുകൾ

മടങ്ങിയെത്തിയ സാൻട്രോയ്ക്ക് ഉജ്വല സ്വീകരണമൊരുക്കി ഇന്ത്യൻ കാർ വിപണി. ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള പുത്തൻ ഹാച്ച്ബാക്കായ സാൻട്രോ ഇതുവരെ 35,000 ബുക്കിങ്ങുകളാണ് വാരിക്കൂട്ടിയത്. ഒക്ടോബർ 23ന് അരങ്ങേറ്റം കുറിച്ച കാറിനുള്ള ബുക്കിങ് കഴിഞ്ഞ മാസം 10നായിരുന്നു ഹ്യുണ്ടേയ് ആരംഭിച്ചത്. 

All New Santro

ഇതാദ്യമായി ഹ്യുണ്ടേയ് ശ്രേണിയിൽ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സൗകര്യമുള്ള കാർ എന്ന പെരുമയോടെയായിരുന്നു പുതിയ സാൻട്രോയുടെ വരവ്. ഇതുവരെ ലഭിച്ച ബുക്കിങ്ങിൽ നാലിലൊന്നും എ എം ടിയുള്ള സാൻട്രോയ്ക്കാണെന്നാണു കണക്ക്. ആകെ ബുക്കിങ്ങിൽ പകുതിയോളം മാനുവൽ ട്രാൻസ്മിഷനുള്ള പതിപ്പുകൾക്കാണ്; പതിനായിരത്തോളം പേർ എ എം ടി തേടിയെത്തിയിട്ടുണ്ട്. സമ്മർദിത പ്രകൃതി വാതകം(സി എൻ ജി) ഇന്ധനമാക്കുന്ന ‘സാൻട്രോ’ സ്വന്തമാക്കാൻ എണ്ണായിരത്തോളം പേർ രംഗത്തുണ്ട്. 

വിപണിയുടെ പ്രതീക്ഷ പോലെ പെട്രോൾ എൻജിനും മാനുവൽ ട്രാൻസ്മിഷനുമുള്ള സാൻട്രോയാണു ബുക്കിങ് കണക്കെടുപ്പിൽ മുന്നിൽ. അഞ്ചു വകഭേദങ്ങളിലാണ് പെട്രോൾ — മാനുവൽ ട്രാൻസ്മിഷൻ സങ്കലനം വിൽപ്പനയ്ക്കുള്ളത്. അതേസമയം, സി എൻ ജി — പെട്രോൾ എൻജിനും എം എം ടി ട്രാൻസ്മിഷനുമുള്ള കൂട്ടുകെട്ട് രണ്ടു വകഭേദത്തിലുണ്ട്. 

സാൻട്രോയുടെ ഇടത്തരം വകഭേദങ്ങളോടാണു വിപണി കൂടുതൽ ആഭിമുഖ്യം പ്രകടിപ്പിച്ചിരിക്കുന്നത്; പെട്രോൾ എൻജിനും മാനുവൽ ട്രാൻസ്മിഷനുമുള്ള ഡി ലൈറ്റ് വകഭേദത്തിനാണ് ആവശ്യക്കാർ ഏറ്റവും കുറവ്. ഉത്സവകാല തിരക്ക് ഒഴിയുന്നതോടെ മുന്തിയ വകഭേദമായ ആസ്ത നില മെച്ചപ്പെടുത്തുമെന്നാണു പ്രതീക്ഷ. ആദ്യം വിൽക്കുന്ന അര ലക്ഷം സാൻട്രോയ്ക്കാണു ഹ്യുണ്ടേയ് പ്രാരംഭ വില പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴത്തെ നില തുടർന്നാൽ ബുക്കിങ് 50,000 തികയാനും സാൻട്രോയുടെ വില പരിഷ്കരിക്കാനും അധിക നാൾ വേണ്ടി വരില്ല.