ബേബി റേഞ്ച് റോവർ, ലക്ഷ്യം കോംപാക്ട് എസ് യു വി വിപണി

Range Rover Evoque, Representative Image

യു  കെയിലെ കാർ വിപണിയോടുള്ള പ്രതിബദ്ധത പ്രഖ്യാപിക്കാൻ ബ്രിട്ടനിൽ രൂപകൽപ്പനയും നിർമാണവും പൂർത്തിയാക്കിയ പുത്തൻ കോംപാക്ട് ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)വുമായി ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ). ‘ബേബി റേഞ്ച് റോവർ’ എന്ന ഓമനപ്പേരുള്ള ‘റേഞ്ച് റോവർ ഇവോക്കി’ന്റെ നിർമാണത്തിനായി 100 കോടി പൗണ്ട്(ഏകദേശം 9,062 കോടി രൂപ) ആണ് ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജെ എൽ ആർ മുടക്കിയത്. വിപ്ലവകരമായ സാങ്കേതികവിദ്യയെന്നു ജെ എൽ ആർ വിശേഷിപ്പിക്കുന്ന ‘റേഞ്ച് റോവർ ഇവോക്കി’ന് 41,000 ഡോളർ(ഏകദേശം 28.97 ലക്ഷം രൂപ) ആണു വില പ്രതീക്ഷിക്കുന്നത്; അടുത്ത വർഷത്തോടെ കാർ നിരത്തിലെത്തുമെന്നാണു സൂചന.

യു കെയിൽ കാർ നിർമാണം തുടരാൻ ജെ എൽ ആർ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റാൾഫ് സ്പെത്ത് അഭിപ്രായപ്പെട്ടു. കോടിക്കണക്കിനു പൗണ്ട് നിക്ഷേപത്തിന്റെ ഗുണം ഈ ‘ഇവോക്കി’നു ലഭിക്കുമെന്നാണു പ്രതീക്ഷ. റേഞ്ച് റോവറിന്റെ ആഡംബരവും പുത്തൻ സാങ്കേതികവിദ്യയുടെ തികവും ലക്ഷ്വറി കോംപാക്ട് എസ് യു വി വിഭാഗത്തിലെത്തിക്കാൻ ‘ബേബി റേഞ്ച് റോവറി’നു സാധിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

‘റേഞ്ച് റോവർ ഇവോക്കി’നുള്ള ബുക്കിങ് ജെ എൽ ആർ സ്വീകരിച്ചു തുടങ്ങി; അടുത്ത വർഷം ആദ്യത്തോടെ യു കെയിലെയും യൂറോപ്പിലെയും യു എസിലെയും ആദ്യ ഉപയോക്താക്കൾക്ക് കാർ ലഭ്യമാക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. 

രണ്ടു വർഷത്തിനകം പുതിയ കാറുകളുടെയെല്ലാം വൈദ്യുത വകഭേദം ലഭ്യമാക്കാനാണു ജെ എൽ ആർ ലക്ഷ്യമിടുന്നത്. ആഡംബര കോംപാക്ട് എസ് യു വി വിഭാഗത്തിലാവട്ടെ അവതരണ വേള മുതൽ തന്നെ 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് ലഭ്യമാവുന്ന കാറുമാവും ‘റേഞ്ച് റോവർ ഇവോക്’. ക്ഷമതയേറിയ നാലു സിലിണ്ടർ പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പമാവും ‘റേഞ്ച് റോവർ ഇവോക്കി’ന്റെ വരവ്; ഒരു വർഷത്തിനകം മൂന്നു സിലിണ്ടർ പ്ലഗ് ഇൻ ഹൈബ്രിഡ് എൻജിൻ സഹിതവും ഈ കോംപാക്ട് എസ് യു വി ലഭിക്കും. വെറും 4.37 മീറ്ററാണു നീളമെന്നത് ‘റേഞ്ച് റോവർ ഇവോക്കി’നെ നഗരങ്ങളുടെ പ്രിയ ആഡംബര എസ് യു വിയാക്കുമെന്നും ജെ എൽ ആർ കരുതുന്നു.