നിസാൻ കിക്സ് ഓൺലൈനായി ബുക്ക് ചെയ്യാം

Nissan Kicks 2019

ജാപ്പനീസ് നിർമാതാക്കളായ നിസാന്റെ പുതിയ  എസ്‌യുവിയായ കിക്സിനുള്ള ഓൺലൈൻ ബുക്കിങ്ങിനു തുടക്കമായി അടുത്ത മാസം അരങ്ങേറ്റം കുറിക്കുന്ന കിക്സിനുള്ള ബുക്കിങ്ങുകൾക്കൊപ്പം 25,000 രൂപയാണു കമ്പനി അഡ്വാൻസായി ഈടാക്കുന്നത്. നിലവിൽ നിസാൻ ശ്രേണിയിലുള്ള എസ്‌യുവിയായ ടെറാനൊയുടെ അതേ വിലയ്ക്കാവും കിക്സ് വിൽപ്പനയ്ക്കെത്തുകയെന്നാണു സൂചന. മാത്രമല്ല, കിക്സിന്റെ വരവോടെ ഫ്രഞ്ച് പങ്കാളിയായ റെനോയുടെ കോംപാക്ട് എസ് യു വിയായ ഡസ്റ്ററിന്റെ ബാഡ്ജ് എൻജിനീയറിങ് വകഭേദമായ ടെറാനൊ കളമൊഴികയും ചെയ്യും.

ടെറാനൊയെ അപേക്ഷിച്ച് ഏറെ അധുനികമാണു കിക്സ്; ആഡംബരം തുളുമ്പുന്ന അകത്തളത്തിൽ ബ്രൗണും കറുപ്പും നിറത്തിലുള്ള ഇരട്ട വർണ സങ്കലനമാണു തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ വിൽപ്പനയ്ക്കുള്ള കിക്സിലെ ഒട്ടേറെ സൗകര്യങ്ങളും സംവിധാനങ്ങളും ഇന്ത്യയ്ക്കുള്ള മോഡലിലും നിസാൻ നില നിർത്തിയിട്ടുണ്ട്. ലതറിന്റെയും സിൽവർ അക്സന്റുകളുടെയും ഉപയോഗത്തിലും നിസ്സാൻ ധാരാളിത്തം കാട്ടുന്നുണ്ട്. ഡാഷ് ബോഡ്, ഡോർ പാനൽ, സ്റ്റീയറിങ് വീൽ എന്നിവയിലാണു ലതർ ഇടംപിടിക്കുന്നത്; വൃത്താകൃതിയിലുള്ള സൈഡ് എ സി വെന്റ്, സ്റ്റീയറിങ് വീൽ, ഡോർ ആം റസ്റ്റ്, ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഗീയർഷിഫ്റ്റ് ഹൗസിങ് തുടങ്ങിയവയിൽ സിൽവർ അക്സന്റുണ്ട്. മധ്യത്തിലുള്ള കൺസോളിലെ എട്ട് ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും പാർശ്വത്തിലെ എ സി വെന്റുകളും ചേർന്ന് ചിറകിന്റെ ആകൃതി സൃഷ്ടിക്കുന്നു.

അതേസമയം ടെറാനൊയിലെ എൻജിനുകൾ തന്നെയാണു കിക്സിനും കരുത്തേകുന്നത്. 1.5 ലീറ്റർ, നാലു സിലിണ്ടർ പെട്രോൾ എൻജിന് 106 പി എസ് കരുത്തും 142 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സോ  നിസ്സാൻ എക്സ് ട്രോണിക് സി വി ടിയോ ആണു ട്രാൻസ്മിഷൻ സാധ്യത. 1.5 ലീറ്റർ, കെ നയൻ കെ, ഡി സി ഐ ഡീസൽ എൻജിനാവട്ടെ 110 പി എസ് കരുത്തും 240 എൻ എം ടോർക്കും സൃഷ്ടിക്കാനാവും; ആറു സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറു സ്പീഡ് എ എം ടിയാണു ട്രാൻസ്മിഷൻ സാധ്യത. അടുത്ത മാസം അരങ്ങേറ്റ വേളയിലാവും നിസ്സാൻ കിക്സിന്റെ കൃത്യമായ വില പ്രഖ്യാപിക്കുക; 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയായിരിക്കും വില.