പുതുവർഷത്തിൽ കാർ വില കൂട്ടാൻ ഹ്യുണ്ടേയിയും

പുതുവർഷത്തിൽ കാർ വില വർധിപ്പിക്കുമെന്ന് ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും പ്രഖ്യാപിച്ചു. ഉൽപ്പാദന ചെലവ് ഉയർന്നതു മുൻനിർത്തി ഇന്ത്യയിലെ വാഹന വിലയിൽ 30,000 രൂപയുടെ വരെ വർധന നടപ്പാക്കാനാണു കമ്പനിയുടെ തീരുമാനം. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മോഡലുകൾക്കും ജനുവരി ഒന്നിനു വിലയേറുമെന്നും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ വ്യക്തമാക്കി.

ഹാച്ച്ബാക്കായ ‘സാൻട്രോ’ മുതൽ എസ് യു വിയായ ‘ട്യുസൊൻ’ വരെ നീളുന്നതാണ് ഹ്യുണ്ടേയിയുടെ ഇന്ത്യയിലെ മോഡൽ ശ്രേണി; ഡൽഹി ഷോറൂമിൽ 3.89 ലക്ഷം രൂപ മുതൽ 26.84 ലക്ഷം രൂപ വരെയാണ് ഇവയുടെ വില.

ജനുവരിയിൽ ഇന്ത്യയിൽ വിൽക്കുന്ന കാറുകളുടെ വില വർധിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഉൽപ്പാദന ചെലവിലെ വർധന പരിഗണിച്ചാണ് ഈ നടപടിയെന്നും കമ്പനി വിശദീകരിച്ചു. ഹാച്ച്ബാക്കായ ‘ബ്രിയൊ’ മുതൽ  സെഡാനായ ‘അക്കോഡ് ഹൈബ്രിഡ്’ വരെ നീളുന്ന മോഡൽ ശ്രേണിയുള്ള ഹോണ്ട പക്ഷേ വിലവർധനയുടെ തോത് നിശ്ചയിച്ചിട്ടില്ല. 

ജാപ്പനീസ് നിർമാതാക്കളായ നിസ്സാനും പുതുവർഷത്തിൽ ഇന്ത്യയിലെ വാഹന വില ഉയർത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. നിസ്സാന്റെ മോഡലുകൾക്ക് നാലു ശതമാനം വരെയാണു ജനുവരിയിൽ വിലയേറുക. ഫോഡിന്റെ ഇന്ത്യയിലെ മോഡൽശ്രേണിക്ക് രണ്ടര ശതമാനം വരെയാണു ജനുവരിയിൽ വില ഉയരുക. ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിരിക്കുന്ന വില വർധനയാവട്ടെ 40,000 രൂപ വരെയാണ്. 

രാജ്യത്തെ മിക്കവാറും വാഹന നിർമാതാക്കൾ ജനുവരി ഒന്നു മുതൽ വില വർധിപ്പിക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ടൊയോട്ട കിർലോസ്കർ മോട്ടോർ, ബി എം ഡബ്ല്യു, റെനോ, ഇസൂസു മോട്ടോർ, ഫോക്സ്വാഗൻ, സ്കോഡ തുടങ്ങിയ കമ്പനികളെല്ലാം വില വർധന പ്രഖ്യാപിച്ചു കഴിഞ്ഞു. ഉൽപ്പാദന ചെലവിലെ വർധനയും ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേരിടുന്ന മൂല്യത്തകർച്ചയുമൊക്കെയാണു വില വർധനയ്ക്കു കാരണമായി വിവിധ കമ്പനികൾ നിരത്തുന്നത്. 

പുതുവർഷം മുതൽ പുതിയ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മരാസൊ’യുടെ വില വർധിപ്പിക്കുമെന്നു  മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം)യും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതൽ കാറിന്റെ വിലയിൽ 30,000 മുതൽ 40,000 രൂപയുടെ വരെ വർധനയാണു പ്രാബല്യത്തിലെത്തുന്നത്.