അപ്പോളോ: ഹംഗറി ശാലയ്ക്കു ഭീഷണി തൊഴിലാളി ക്ഷാമം

പുതുവർഷത്തിൽ ഹംഗറിയിലെ ടയർ നിർമാണശാലയുടെ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്ന അപ്പോളൊ ടയേഴ്സിനു തൊഴിലാളിക്ഷാമം ഭീഷണി ഉയർത്തുന്നു. തൊഴിലാളികളുടെ വേതനം കുറവാണെന്നതു പരിഗണിച്ചാണു പല വിദേശ കമ്പനികളും കിഴക്കൻ യൂറോപ്പിൽ നിർമാണശാലകൾ സ്ഥാപിക്കുന്നത്. എന്നാൽ വേതനം കുറവാണെന്നതുകൊണ്ടുതന്നെ കിഴക്കൻ യൂറോപ്പിൽ നിന്നുള്ള മിടുക്കരായ തൊഴിലാളികളെല്ലാം മറ്റു രാജ്യങ്ങളിലേക്കു ചേക്കേറുന്ന എന്നതാണു പുതിയ സംഭവവികാസം. പരിചയസമ്പന്നരായ തൊഴിലാളികളെ ലഭിക്കാത്തസ ഹചര്യമാണെന്ന് അപ്പോളൊ ടയേഴ്സ് ഹംഗറിയുടെ മാനവവിഭവശേഷി വിഭാഗം മേധാവി ടിബൊർ ബന്യായി സ്ഥിരീകരിക്കുന്നു. വിലയിൽ മത്സരക്ഷമത കൈവരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ ടയർ നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള അപ്പോളൊ ടയേഴ്സ് ഹംഗറിയിൽ പുതിയ പ്ലാന്റ് സ്ഥാപിച്ചത്; പ്രധാനമായും യു എസ് വിപണി ലക്ഷ്യമിട്ടായിരുന്നു പുതിയ ശാലയുടെ പിറവി. ഒപ്പം ഫോക്സ്വാഗൻ, ഡെയ്മ്ലർ, സുസുക്കി മോട്ടോർ കോർപറേഷൻ തുടങ്ങിയ നിർമാതാക്കളുടെ യൂറോപ്യൻ ശാലകളോടുള്ള സാമീപ്യവും അപ്പോളൊ ടയേഴ്സിന്റെ തീരുമാനം ഹംഗറിക്ക് അനുകൂലമാക്കി.

തൊഴിലാളി ലഭ്യതയുടെ കാര്യത്തിൽ സാഹചര്യം അനുകൂലമല്ലെങ്കിലും ജനുവരിയോടെ പുതിയ ശാല പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണു ബന്യായിയുടെ പ്രതീക്ഷ. ഇതിനായി ജീവനക്കാർക്കു കൂടുതൽ വേതനവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണു സൂചന. ഹംഗറിക്കു പുറമെ ഇന്ത്യയിലും പ്രത്യേക പരിശീലനം നൽകിയ ശേഷമാണു കമ്പനി നിർദിഷ്ട ശാലയിൽ പുതിയ തൊഴിലാളികളെ ജോലിക്കു നിയോഗിക്കുന്നത്. കോടികൾ ചെലവിട്ടാണു പുതിയ ശാലയിലേക്കുള്ള ജീവനക്കാരെ പ്രവർത്തനസജ്ജരാക്കുന്നതെന്ന് ബന്യായിയും വെളിപ്പെടുത്തുന്നു. ഇതൊക്കെ കഴിഞ്ഞാലും ചില തന്ത്രപ്രധാന തസ്തികകൾ ഏറ്റെടുക്കാൻ ആളെ കിട്ടാത്ത അവസ്ഥയുണ്ടെന്നും അദ്ദേഹം അംഗീകരിക്കുന്നു. ഉദാഹരണത്തിനു ടയർ നിർമാണ പശ്ചാത്തലമുള്ള പ്രോഡക്ട് ഇൻഡസ്ട്രിയലൈസേഷൻ വിദഗ്ധനെ കിട്ടാനില്ല. എന്നാൽ ശാലയിലേക്ക് ആവശ്യമായ ടെക്നീഷ്യൻമാരെ ഏറെക്കുറെ പൂർണമായി തന്നെ കിഴക്കൻ പട്ടണമായ ഗ്യോൻഗ്യോസ് മേഖലയിൽ നിന്നു കണ്ടെത്താൻ കഴിഞ്ഞെന്ന് അപ്പോളൊ ടയേഴ്സ് അവകാശപ്പെടുന്നുണ്ട്. പക്ഷേ എൻജിനീയർമാരെ ലഭിക്കാനായി കൂടുതൽ വിപുലമായ അന്വേഷണം വേണ്ടിവന്നെന്നും കമ്പനി വ്യക്തമാക്കുന്നു.അതേസമയം, ഹംഗറിയിൽ നിർമാണശാലകളുള്ള എതിരാളികളായ ബ്രിജ്സ്റ്റോണിൽ നിന്നോ ഹാൻകൂകിൽ നിന്നോ ജീവനക്കാരെ തട്ടിയെടുക്കില്ലെന്നും ബന്യായി ഉറപ്പു നൽകുന്നു.