അപ്പോളൊ ടയേഴ്സിന്റെ പുതിയ ശാല ആന്ധ്ര പ്രദേശിൽ

ഇരുചക്രവാഹനങ്ങൾക്കും പിക് അപ് ട്രക്കുകൾക്കുമുള്ള ടയറുകൾ നിർമിക്കാനായി അപ്പോളൊ ടയേഴ്സ് ആന്ധ്ര പ്രദേശിൽ പുതിയ നിർമാണശാല സ്ഥാപിക്കാൻ ഒരുങ്ങുന്നു. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദ ഫലങ്ങൾ അംഗീകരിച്ചതിനൊപ്പം ആന്ധ്ര പ്രദേശിൽ പുതിയ ശാലയ്ക്കായി സ്ഥലം ഏറ്റെടുക്കാനുള്ള അനുമതിയും ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിന്ന് ലഭിച്ചതായി അപ്പോളൊ ടയേഴ്സ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ നീരജ് കൺവർ അറിയിച്ചു. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായി ധാരണാപത്രം ഒപ്പുവച്ച ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്നും ചെന്നൈയിൽ കമ്പനിയുടെ ആഗോള ഗവേഷണ, വികസന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.

പ്രധാനമായും ഇരുചക്രവാഹന ടയർ നിർമാണശേഷി വർധനയാണു കമ്പനി ലക്ഷ്യമിടുന്നതെന്നും കൺവർ സൂചിപ്പിച്ചു. ഒപ്പം പിക് അപ് ട്രക്കുകൾക്കുള്ള ടയറുകൾ നിർമിക്കാനും പദ്ധതിയുണ്ട്. പിക് അപ് വിൽപ്പന മെച്ചപ്പെടുന്ന സാഹചര്യത്തിൽ ഈ വിഭാഗം ടയറുകൾക്ക് ആവശ്യക്കാരേറെയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.അപ്പോളൊ ടയേഴ്സിന്റെ നിലവിലുള്ള ശാലകൾ ഇപ്പോൾ സ്ഥാപിത ശേഷിയുടെ 85% വിനിയോഗിക്കുന്നുണ്ട്. സാധാരണ ഗതിയിൽ ശാലയുടെ ശേഷിയുടെ 90 — 90% വരെയാണു പ്രയോജനപ്പെടുത്താനാവുകയെന്ന് കൺവർ വെളിപ്പെടുത്തി. അതിനാൽ നിലവിൽ ലഭ്യമായ ഉൽപ്പാദനശേഷി ഏറെക്കുറെ പൂർണമായി തന്നെ കമ്പനി വിനിയോഗിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചിറ്റൂർ ജില്ലയിലെ വ്യാവസായിക ഇടനാഴിയിലാവും അപ്പോളൊ ടയേഴ്സിന്റെ പുതിയ ശാല സ്ഥാപിതമാവുകയെന്നാണ് ആന്ധ്ര പ്രദേശ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. 500 കോടിയോളം രൂപയുടെ നിക്ഷേപമാണു പദ്ധതിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പശ്ചിമ ചെന്നൈയിലെ വ്യവസായ മേഖലയായ ഒരഗടത്ത് 90 കോടിയോളം രൂപ ചെലവിലാണ് അപ്പോളൊ ടയേഴ്സ് പുതിയ ഗ്ലോബൽ ആർ ആൻഡ് ഡി കേന്ദ്രം സ്ഥാപിച്ചത്. ഏഷ്യ പസഫിക്, പശ്ചിമേഷ്യ, ആഫ്രിക്ക മേഖലയ്ക്ക് ആവശ്യമായ പുതിയ ഉൽപന്നങ്ങളുടെ വികസനവും ഉൽപ്പാദനവുമാണു പുതിയ കേന്ദ്രത്തിലൂടെ അപ്പോളൊ ടയേഴ്സ് ലക്ഷ്യമിടുന്നത്.നെതർലൻഡ്സിൽ 2013ലാണു കമ്പനിയുടെ ആദ്യ ആർ ആൻഡ് ഡി കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ഇതോടൊപ്പം ചെന്നൈ കൂടിയായതോടെ ആർ ആൻഡ് ഡി മേഖലയിൽ കമ്പനിയിൽ മുന്നൂറോളം പേർ പ്രവർത്തിക്കുന്നുണ്ടെന്ന് കൺവർ അറിയിച്ചു. ആർ ആൻഡ് ഡി മേഖലയിൽ കൂടുതൽ നിക്ഷേപത്തിനും നിയമനത്തിനും പദ്ധതിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.