നിസ്സാനെതിരെ അശോക് ലേയ്‌ലാൻഡ് നിയമയുദ്ധത്തിന്

ജപ്പാനിൽ നിന്നുള്ള പങ്കാളികളായ നിസ്സാനുമായുള്ള ബന്ധം വഷളായതോടെ വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലാൻഡ് നിയമയുദ്ധത്തിനിറങ്ങുന്നു. ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ നിർമാണശാലയിൽ കമ്പനി സ്ഥാപിച്ച ഉപകരണങ്ങൾ നിസ്സാൻ ഉപയോഗിക്കുന്നതു വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് അശോക് ലേയ്‌ലാൻഡ് കാഞ്ചീപുരം ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ആവശ്യവുമായി അശോക് ലേയ്ലൻഡ് കോടതിയെ സമീപിച്ചതായി നിസ്സാൻ സ്ഥിരീകരിച്ചു. അശോക് ലേയ്‌ലാൻഡിൽ നിന്നുള്ള നോട്ടീസ് ലഭിച്ചെന്നും കേസിനെ നിയമപരമായി നേരിടുമെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ ഈ വിഷയത്തെപ്പറ്റി അശോക് ലേയ്‌ലാൻഡ് പ്രതികരിച്ചില്ല.

ലഘു വാണിജ്യ വാഹന നിർമാണത്തിനായി അശോക് ലേയ്‌ലാൻഡും നിസ്സാനും ചേർന്നു സ്ഥാപിച്ച സംയുക്ത സംരംഭം പരാജയപ്പെട്ടതാണ് ഇപ്പോൾ നിയമപോരാട്ടത്തിലേക്കു വഴി തുറന്നിരിക്കുന്നത്. ഇരു കമ്പനികളും ചേർന്നു സ്ഥാപിച്ച അശോക് ലേയ്‌ലാൻഡ് നിസ്സാൻ വെഹിക്കിൾസ് ചെറുട്രക്കായ ‘ദോസ്തി’നുള്ള എൻജിനുകൾ നിർമിച്ചിരുന്നത് ഒരഗടത്തെ റെനോ നിസ്സാൻ ഓട്ടമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലാണ്. ഇന്ത്യയിലും വിവിധ വിദേശ വിപണികളിലും വിൽക്കാനായി റെനോയും നിസ്സാനും ഒട്ടേറെ മോഡലുകൾ നിർമിക്കുന്നതും ഒരഗടത്തെ ഇതേ ശാലയിൽ നിന്നാണ്. അശോക് ലേയ്‌ലാൻഡും നിസ്സാനും ചേർന്നുള്ള സംയുക്ത സംരംഭത്തിൽ പിറന്ന വിവിധോദ്ദേശ്യ വാഹന(എം പി വി)മായ അശോക് ലേയ്‌ലാൻഡ് ‘സ്റ്റൈലും’ നിസ്സാൻ ‘ഇവാലിയ’യും ഇന്ത്യൻ വിപണിയിൽ പരാജയപ്പെട്ടതാണു സഖ്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയത്. അതേസമയം ലഘു ട്രക്കായ ‘ദോസ്തി’നു മികച്ച വിൽപ്പന നേടാനായെന്നാണ് അശോക് ലേയ്‌ലാൻഡിന്റെ അവകാശവാദം; ‘ദോസ്തി’ന്റെ ഇതുവരെയുള്ള വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടെന്നും കമ്പനി വ്യക്തമാക്കുന്നു.

വാഹനങ്ങളുടെയും എൻജിനുകളുടെയും നിർമാണത്തിനും സാങ്കേതികവിദ്യ വികസനത്തിനുമായി മൂന്നു വ്യത്യസ്ത കമ്പനികളാണ് അശോക് ലേയ്ലൻഡും നിസ്സാനും ചേർന്നു സ്ഥാപിച്ചത്. ഇതിൽ പ്രമുഖ സ്ഥാപനമായ അശോക് ലേയ്‌ലാൻഡ് നിസ്സാൻ വെഹിക്കിൾസിൽ ലേയ്ലൻഡിന് 51 ശതമാനവും നിസ്സാന് 49 ശതമാനവുമായിരുന്നു ഓഹരി പങ്കാളിത്തം. എന്നാൽ 2014 — 15 സാമ്പത്തിക വർഷം ഈ കമ്പനി 791 കോടി രൂപയുടെ അറ്റ നഷ്ടമാണു രേഖപ്പെടുത്തിയത്. ഇതോടെ സംയുക്ത സംരംഭത്തിലെ നിക്ഷേപത്തിന് ആനുപാതികമായി 214 കോടി രൂപയുടെ നഷ്ടം അശോക് ലേയ്ലൻഡ് എഴുതിത്തള്ളുകയും ചെയ്തു. കൂടാതെ ജോൺ ഡിയറുമായുള്ള സംയുക്ത സംരംഭത്തിൽ നേരിട്ട നഷ്ടമായി 157 കോടി രൂപയും കഴിഞ്ഞ വർഷം അശോക് ലേയ്‌ലാൻഡ് എഴുതിത്തള്ളിയിരുന്നു.