ആഫ്രിക്കയിൽ 2 അസംബ്ലി പ്ലാന്റ് തുടങ്ങാൻ അശോക് ലേയ്‌ലൻഡ്

ആഫ്രിക്കയിൽ രണ്ടു പുതിയ അസംബ്ലി പ്ലാന്റുകൾ സ്ഥാപിക്കാൻ ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡിനു പദ്ധതി. ഇതോടൊപ്പം ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യു എ ഇയിലെ റാസൽഖൈമയിലുള്ള നിർമാണശാലയുടെ ശേഷി ഇരട്ടിയാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

ഓട്ടോ എക്സ്പൊയിൽ പുതിയ സ്കൂൾ ബസും വാണിജ്യ വാഹനവും അനാവരണം ചെയ്യാനൊരുങ്ങുന്ന അശോക് ലേയ്‌ലൻഡ് വിദേശത്തെ അസംബ്ലി പ്ലാന്റുകൾക്കായി 100 കോടി രൂപയുടെ നിക്ഷേപമാണു ലക്ഷ്യമിടുന്നത്. അപകടത്തിൽ 'റോൾ ഓവർ' ഒഴിവാക്കുമെന്നതാണു സ്കൂൾ ബസ്സിന്റെ സവിശേഷത. പുതിയ ട്രക്കാവട്ടെ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരം പാലിക്കും.

ആഫ്രിക്കയിൽ ചെറിയ അസംബ്ലി പ്ലാന്റുകൾ സ്ഥാപിക്കാനാണു കമ്പനി ആലോചിക്കുന്നതെന്ന് അശോക് ലേയ്‌ലൻഡ് മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരി അറിയിച്ചു. എന്നാൽ ഈ ശാലകൾക്കു സ്ഥാനം നിശ്ചയിച്ചിട്ടില്ല. ഓരോ ശാലയ്ക്കും 40 — 50 കോടി രൂപയുടെ നിക്ഷേപമാണു വേണ്ടി വരികയെന്നും ദാസരി വിശദീകരിച്ചു.

യു എ ഇയിലെ ശാലയിൽ നിലവിൽ നാലു യൂണിറ്റാണു പ്രതിദിന ഉൽപ്പാദനം; ഇത് 12 ആക്കാനാണ് അശോക് ലേയ്ലൻഡ് ലക്ഷ്യമിടുന്നത്. വർഷാവസാനത്തോടെ പ്രതിദിന ഉൽപ്പാദനം 24 യൂണിറ്റിലെത്തിക്കുമെന്നും ദാസരി അറിയിച്ചു.

വാഹന വിൽപ്പനയിൽ 2015ൽ കമ്പനി മികച്ച പ്രകടനമാണു കാഴ്ച വച്ചതെന്നു ദാസരി അവകാശപ്പെട്ടു. ഇക്കൊല്ലവും വിൽപ്പന വളർച്ച നിലനിർത്താനാവുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ ഏപ്രിൽ — ജനുവരി കാലത്ത് 1,10,349 യൂണിറ്റായിരുന്നു കമ്പനിയുടെ വിൽപ്പന. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ 10 മാസത്തിനിടെ വിറ്റ 81,386 യൂണിറ്റിനെ അപേക്ഷിച്ച് 36% കൂടുതലാണിത്.

അതേസമയം, ലഘുവാണിജ്യ വാഹന വിഭാഗത്തിലെ പ്രകടനം പ്രതീക്ഷിച്ച നിലവാരം കൈവരിച്ചില്ലെന്നു ദാസരി വ്യക്തമാക്കി. പൊതുവേ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് ആറു മാസം വൈകിയാണ് ലഘുവാണിജ്യ വാഹന വിഭാഗത്തിലെ വിൽപ്പന സാധാരണ നില കൈവരിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.

ജാപ്പനീസ് പങ്കാളിയായ നിസ്സാനുമായി ചില പ്രശ്നങ്ങളുണ്ടെന്നും ദാസരി സ്ഥിരീകരിച്ചു. എല്ലാ സംയുക്ത സംരംഭങ്ങളിലും സംഭവിക്കുന്നതു പോലുള്ള വെല്ലുവിളികൾ മാത്രമാണ് അശോക് ലേയ്‌ലൻഡ് — നിസ്സാൻ സഖ്യവും നേരിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എം പി വിയായ ‘സ്റ്റൈൽ’, ‘ഇവാലിയ’ എന്നിവ പിൻവലിച്ചെങ്കിലും സഖ്യം തുടരുമെന്ന സൂചനയും അദ്ദേഹം നൽകി; ‘ദോസ്ത്’ പോലുള്ള മോഡലുകളുടെ വിജയത്തിലാണത്രെ പങ്കാളികളുടെ പ്രതീക്ഷ.