ഏപ്രിലിൽ 2% വില കൂട്ടാൻ ബിഎംഡബ്ല്യു

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യയിൽ വിൽക്കുന്ന കാറുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നു മുതൽ ‘ബി എം ഡബ്ല്യു’, ‘മിനി’ ശ്രേണിയുടെ വിലയിൽ രണ്ടു ശതമാനം വരെ വർധന നടപ്പാക്കുമെന്നാണു കമ്പനിയുടെ പ്രഖ്യാപനം.

പുതുമയുള്ള ഉൽപന്നങ്ങൾ അവതരിപ്പിച്ചും ലോകോത്തര നിലവാരമുള്ള ഡീലർഷിപ്പുകൾ സ്ഥാപിച്ചുമൊക്കെ ഇന്ത്യക്കാർക്കു ഡ്രൈവിങ്ങിൽ ആഹ്ലാദം പകർന്നു നൽകാനുള്ള ശ്രമങ്ങളാണു കമ്പനി നടത്തുന്നതെന്നു ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ വിശദീകരിച്ചു. കമ്പനിയുടെ ബ്രാൻഡ് മൂല്യങ്ങൾ നിലനിർത്താനും പ്രീമിയം ഇടപാടുകാർക്ക് അർഹമായ മൂല്യം ഉറപ്പാക്കാനുമാണു ‘ബി എം ഡബ്ല്യു’, ‘മിനി’ ശ്രേണിയുടെ വില വർധിപ്പിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബി എം ഡബ്ല്യുവിനും മിനിക്കുമൊക്കെ റോൾസ് റോയ്സ് കൂടിയാകുന്നതോടെ ഇന്ത്യൻ വാഹന വിപണിയുടെ പ്രീമിയം വിഭാഗത്തിലാണു ബി എം ഡബ്ല്യു സ്ഥാനം ഉറപ്പാക്കുന്നത്. കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും പുറമെ വാഹനങ്ങൾ ആകർഷക നിരക്കിൽ വായ്പ ഉറപ്പാക്കാൻ കമ്പനിയുടെ സാമ്പത്തിക സേവന വിഭാഗവും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ചെന്നൈയിലെ നിർമാണശാലയ്ക്കും മുംബൈയിലെ പാർട്സ് വെയർഹൗസിനും ഗുരുഗ്രാമിലെ പരിശീലന കേന്ദ്രത്തിനും പ്രധാന നഗരങ്ങളിലെ വിപണന കേന്ദ്രങ്ങൾക്കുമൊക്കെയായി മൊത്തം 490 കോടിയോളം രൂപയാണു കമ്പനി ഇതുവരെ നിക്ഷേപിച്ചത്. രാജ്യത്ത് 41 വിൽപ്പന കേന്ദ്രങ്ങളുള്ള ബി എം ഡബ്ല്യു ഇന്ത്യയിൽ അറുനൂറ്റി അൻപതോളം ജീവനക്കാരുമുണ്ട്.

ബി എം ഡബ്ല്യു വൺ സീരീസ്, ത്രീ സീരീസ്, ത്രീ സീരീസ് ഗ്രാൻ ടുറിസ്മൊ, ഫൈവ് സീരീസ്, സെവൻ സീരീസ്, എക്സ് വൺ, എക്സ് ത്രീ, എക്സ് ഫൈവ് തുടങ്ങിയവയാണു കമ്പനി പ്രാദേശികമായി നിർമിക്കുന്നത്. കൂടാതെ സിക്സ് സീരീസ് ഗ്രാൻ കൂപ്പെ, എക്സ് സിക്സ്, സീ ഫോർ, എം ഫോർ കൂപ്പെ, എം ത്രീ സെഡാൻ, എം ഫൈവ് സെഡാൻ, എം സിക്സ് ഗ്രാൻ കൂപ്പെ, എക്സ് ഫൈവ് എം, എക്സ് സിക്സ് എം, ഐ എയ്റ്റ് എന്നിവ കമ്പനി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തും വിൽക്കുന്നുണ്ട്.

ത്രീ ഡോർ, ഫൈവ് ഡോർ, കൺവെർട്ട്ബിൾ, കൺട്രിമാൻ, പുതിയ ക്ലബ് മാൻ എന്നിവ ഉൾപ്പെടുന്നതാണു ‘മിനി’യുടെ ഇന്ത്യൻ ശ്രേണി. ‘മിനി’ക്കായി അഞ്ചു പ്രത്യേക ഡീലർഷിപ്പുകളും ഇന്ത്യയിലുണ്ട്.