15 പുതിയ കാർ അവതരിപ്പിക്കുമെന്നു ബി എം ഡബ്ല്യു

BMW I 8

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഇന്ത്യയിൽ 15 പുതിയ മോഡലുകൾ അവതരിപ്പിക്കാൻ തയാറെടുക്കുന്നു. ഒപ്പം ഇന്ത്യയിൽ നിർമിക്കുന്ന കാറുകളിൽ പ്രാദേശികമായി സമാഹരിച്ച ഘടകങ്ങളുടെ വിഹിതം 50% ആയി ഉയർത്താനും പദ്ധതിയുണ്ടെന്നു ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോൺ സാർ അറിയിച്ചു. ഉൽപ്പാദനം സംബന്ധിച്ച വിഷയങ്ങളിൽ വിപണിയെ പിന്തുടരുകയാണു ബി എം ഡബ്ല്യുവിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത ലക്ഷ്യങ്ങളാണു ബി എം ഡബ്ല്യു ഇന്ത്യയ്ക്കായി സ്വീകരിച്ചത്. 2007 — 2009 കാലത്ത് ശക്തമായ അടിത്തറ ഉറപ്പാക്കാനായിരുന്നു മുൻഗണന. തുടർന്നുള്ള രണ്ടു വർഷത്തിനിടെ വിപണിയിൽ നേതൃസ്ഥാനം സ്വന്തമാക്കാൻ ഊന്നൽ നൽകി. 2013 മുതൽ ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിര വളർച്ചയും ലാഭക്ഷമതയുമാണ് ഇന്ത്യയിൽ നിന്നു ബി എം ഡബ്ല്യു ആഗ്രഹിക്കുന്നതെന്നു ഫിലിപ് വോൺ സാർ വെളിപ്പെടുത്തി. ഇതിനായി കമ്പനി 490 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആഡംബര കാർ വിഭാഗത്തിൽ വിപുലമായി ഉൽപന്നശ്രേണിയാണു ബി എം ഡബ്ല്യുവിന്റേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ നിര കൂടുതൽ ശക്തമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 15 പുതിയ മോഡലുകൾ അവതരിപ്പിക്കുന്നത് ഈ ലക്ഷ്യം മുൻനിർത്തിയാണ്.

ചെന്നൈയിലെ ശാലയിൽ നിന്നു പുറത്തിറങ്ങുന്ന കാറുകളിൽ ഉപയോഗിക്കുന്ന യന്ത്രഘടകങ്ങളിൽ പകുതിയോളം പ്രാദേശികമായി സമാഹരിച്ചവയാണെന്നു പ്ലാന്റ് മാനേജിങ് ഡയറക്ടർ റോബർട്ട് ഫ്രിറ്റ്റാങ് വെളിപ്പെടുത്തി. ഫോഴ്സ് മോട്ടോഴ്സിൽ നിന്ന് എൻജിനും ട്രാൻസ്മിഷനും വാങ്ങുന്ന ബി എം ഡബ്ല്യുവിന് ആക്സിലുകൾ ലഭ്യമാക്കുന്നത് സെഡ് എഫ് ഹീറോ ഷാസിയാണ്. ഡോർ പാനൽ, വയറിങ് ഹാർണസ് തുടങ്ങിയവ ഡ്രെക്സ്ലെയ്മർ ഇന്ത്യയിൽ നിന്നും എക്സോസ്റ്റ് സംവിധാനം ടെന്നെകൊ ഓട്ടമോട്ടീവ് ഇന്ത്യയിൽ നിന്നും ഹീറ്റിങ് വെന്റിലേറ്റിങ്, എയർ കണ്ടീഷനിങ്, കൂളിങ് മൊഡ്യുളുകൾ വാലിയോ ഇന്ത്യയിൽ നിന്നും മഹെൽ ബെഹ്റിൽ നിന്നുമാണു കമ്പനി വാങ്ങുന്നത്. ലിയർ ഇന്ത്യയാണു ബി എം ഡബ്ല്യുവിന് ആവശ്യമായ സീറ്റുകൾ നിർമിച്ചു നൽകുന്നത്.