ഇക്കൊല്ലം 10 പുതിയ ഡീലർഷിപ് തുറക്കുമെന്നു ബി എം ഡബ്ല്യു

ഇന്ത്യൻ ആഡംബര കാർ വിപണിയിൽ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ജർമൻ നിർമാതാക്കളായ ബി എം ഡബ്ല്യു ഇക്കൊല്ലം 10 പുതിയ ഡീലർഷിപ്പുകൾ തുറക്കുന്നു. ഒപ്പം പൂർണമായും പുതിയ നാലെണ്ണമടക്കം ഈ വർഷം ആകെ 15 പുതു വാഹനങ്ങൾ അവതരിപ്പിക്കാനും കമ്പനി ഒരുങ്ങുന്നുണ്ട്.

നിലവിൽ 40 ബ്രാൻഡ് ഫുട്പ്രിന്റുള്ളത് 50 ആയി ഉയർത്താനാണു ലക്ഷ്യമെന്നു ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോൺ സാർ അറിയിച്ചു. പുതിയ ഡീലർഷിപ്പുകൾ മിക്കതും വിജയവാഡ പോലുള്ള രണ്ടാം നിര നഗരങ്ങളിലാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാട്ടുകാരായ ഔഡി 2008ൽ ശക്തമായ സാന്നിധ്യമാവും വരെ ഇന്ത്യൻ ആഡംബര കാർ വിപണിയിൽ നായകസ്ഥാനത്തായിരുന്നു ബി എം ഡബ്ല്യു. ഔഡിയെ പോലെ ജർമനിയിൽ നിന്നുള്ള മെഴ്സീഡിസ് ബെൻസും ഇക്കൊല്ലം 15 പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്.

പുതുവർഷത്തിന്റെ ആദ്യ പാദത്തിൽ തകർപ്പൻ പ്രകടനമാണു മെഴ്സീഡിസ് ബെൻസ് കാഴ്ചവച്ചത്. 2015 ജനുവരി — മാർച്ച് ത്രൈമാസത്തിൽ 3,566 യൂണിറ്റ് വിൽപ്പനയോടെ കമ്പനി ഒന്നാം സ്ഥാനത്താണ്; 2014ന്റെ ആദ്യ മൂന്നു മാസത്തെ വിൽപ്പനയെ അപേക്ഷിച്ച് 40% വർധനയാണു മെഴ്സീഡിസ് കൈവരിച്ചത്. ഔഡിക്കാവട്ടെ മുൻവർഷം ഇതേകാലത്തെ അപേക്ഷിച്ച് 15% വളർച്ചയോടെ 3,139 കാറുകൾ മാത്രമാണു വിൽക്കാനായത്.

അതേസമയം ഇക്കൊല്ലം ഉൽപന്നശ്രേണി വിപുലീകരിച്ച് ആഡംബ കാർ വിപണിയിലെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താനാണു കമ്പനി ഒരുങ്ങുന്നതെന്ന് ഫിലിപ് വോൺ സാർ പറയുന്നു. ഇക്കൊല്ലം അവതരിപ്പിക്കുന്ന 15 മോഡലുകളിൽ നാലെണ്ണം പൂർണമായും പുതിയവയും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നവയുമാകും; മറ്റുള്ളവ നിലവിലുള്ള മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകളാവുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

കൺസപ്റ്റ് വിഭാഗത്തിൽപെട്ട ‘ഐ എയ്റ്റ്’ ബി എം ഡബ്ല്യു ഇന്ത്യയിൽ അവതരിപ്പിച്ചു കഴിഞ്ഞു. ക്രമേണ ‘എക്സ് ഫൈവ് എം’, ‘എക്സ് സിക്സ്’, ‘എക്സ് സിക്സ് എം’ എന്നിവയും പുറത്തിറക്കും. ‘വൺ സീരീസും’ ‘ത്രി സീരിസും’ ഇന്ത്യയിൽ പുനഃരവതരിപ്പിക്കുമെന്നും ഫിലിപ് വോൺ സാർ അറിയിച്ചു.

നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന പന്ത്രണ്ടോളം മോഡലുകളിൽ എട്ടെണ്ണമാണു ബി എം ഡബ്ല്യു ചെന്നൈയിലെ ശാലയിൽ ഉൽപ്പാദിപ്പിക്കുന്നത്. മൂന്നു ഷിഫ്റ്റിൽ പ്രവർത്തിക്കുമ്പോൾ പ്രതിവർഷം 14,000 യൂണിറ്റാണ് ഈ ശാലയുടെ ഉൽപ്പാദനശേഷി. 2007 മാർച്ചിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ബി എം ഡബ്ല്യു ചെന്നൈ ശാലയിൽ 490 കോടിയോളം രൂപയും നിക്ഷേപിച്ചിട്ടുണ്ട്. ശാലയിൽ രണ്ട് അസംബ്ലി ലൈനുകളിൽ നിന്നു ‘വൺ സീരീസ്’, ‘ത്രി സീരീസ്’, ‘ത്രി സീരീസ് ഗ്രാൻടുറിസ്മൊ’, ‘ഫൈവ് സീരീസ്’, ‘സെവൻ സീരീസ്’, ‘എക്സ് വൺ’, ‘എക്സ് ത്രീ’, ‘എക്സ് ഫൈവ്’ എന്നിവയാണു പുറത്തെത്തുന്നത്.