ഇന്ത്യയിൽ ‘മിനി’ നിർമാണം പരിഗണിക്കുമെന്നു ബി എം ഡബ്ല്യു

വിൽപ്പന ഗണ്യമായി ഉയരുന്ന പക്ഷം ‘മിനി കൂപ്പർ എസ് കൺവെർട്ട്ബ്ൾ’ ഇന്ത്യയിൽ നിർമിക്കുന്ന കാര്യം ആലോചിക്കുമെന്ന് ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു. വിൽപ്പന നിശ്ചിത നിലവാരത്തിലെത്തിയാൽ ബി എം ഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ നിർമാതാക്കളായ ‘മിനി’യുടെ മോഡലുകൾക്കായി പ്രാദേശിക അസംബ്ലി ആലോചിക്കുമെന്നു ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോൺ സാർ അറിയിച്ചു. ഏതാനും വർഷത്തിനകം കാറിന്റെ വിൽപ്പന ഈ നിലവാരം കൈവരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ചെന്നൈയിലുള്ള ശാലയിൽ നിലവിൽ എട്ടു മോഡലുകളാണു ബി എം ഡബ്ല്യു നിർമിക്കുന്നത്. അതേസമയം പ്രാദേശിക ഉൽപ്പാദനത്തിനായി വിൽപ്പന വർധിപ്പിച്ചു ‘മിനി’യുടെ ബ്രാൻഡ് മൂല്യത്തിൽ വെള്ളം ചേർക്കാനില്ലെന്നും സാർ വ്യക്തമാക്കി. ആഗോളതലത്തിലെന്നപോലെ ഇന്ത്യയിലെയും ഏറ്റവും പ്രീമിയം ചെറുകാറായി ‘മിനി’യെ നിലനിർത്തുകയാണു കമ്പനിയുടെ ലക്ഷ്യം.

വിൽപ്പന ആയിരത്തിലേറെ യൂണിറ്റിലേക്ക് ഉയരുന്ന ഘട്ടത്തിലാണു സാധാരണനിലയിൽ പ്രാദേശിക അസംബ്ലി പരിഗണിക്കുക. ‘മിനി’ക്കായി ഈ സാധ്യത സജീവ പരിഗണനയിലുണ്ടെന്നു സാർ വ്യക്തമാക്കി. പ്രീമിയം നിലവാരത്തിൽ 1,000 യൂണിറ്റ് വിൽക്കുന്നതിനു പകരം കുറഞ്ഞ വിലയിൽ അതിന്റെ ഇരട്ടി വിൽക്കുന്നതു ഗുണകരമായ മാറ്റമൊന്നും വരുത്തില്ലെന്നു ഫിലിപ് വോൺ സാർ വിശദീകരിച്ചു. പോരെങ്കിൽ ‘മിനി’ക്ക് ഇന്ത്യൻ വിപണിയിൽ എതിരാളികളേയില്ലെന്നതിനാൽ വിലയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ബി എം ഡബ്ല്യു ഗ്രൂപ്പിൽപെട്ട മിനി ഇന്ത്യയ്ക്കു നിലവിൽ മുംബൈ, ഡൽഹി, ബെംഗളൂരു, ഹൈദരബാദ് നഗരങ്ങളിലാണു ഷോഷൂമുള്ളത്. അടുത്തതായി ചെന്നൈയിലാണു മിനി ഷോറൂം തുറക്കുകയെന്നു ഫിലിപ് വോൺ സാർ അറിയിച്ചു. എന്നാൽ ഈ ഷോറൂം എപ്പോൾ പ്രവർത്തനം തുടങ്ങുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

ആഡംബര മിനി കാർ എന്ന നിലയിൽ 14 വർഷം മുമ്പാണു ‘മിനി’യെ ബി എം ഡബ്ല്യു ആഗോള വിപണികളിൽ വീണ്ടും അവതരിപ്പിച്ചത്. തുടർന്നുള്ള അഞ്ചു വർഷത്തിനിടെ 1.64 ലക്ഷം യൂണിറ്റ് വിൽക്കാനും ബി എം ഡബ്ല്യുവിനായി. ഇന്ത്യയിൽ 2012 ജൂണിൽ പ്രവേശിച്ച ‘മിനി’ പ്രതിവർഷം നാനൂറോളം യൂണിറ്റിന്റെ വിൽപ്പനയാണു കൈവരിക്കുന്നത്. കഴിഞ്ഞ വർഷത്തെ വിൽപ്പനയാവട്ടെ 2014നെ അപേക്ഷിച്ച് മൂന്നു ശതമാനം ഇടിവോടെ 340 യൂണിറ്റായിരുന്നു. ഇന്ത്യയിൽ ‘മിനി’ക്കു ലഭിച്ച സ്വീകരണം ആവേശകരമാണെന്നു ഫിലിപ് വോൺ സാർ അഭിപ്രായപ്പെട്ടു. ഇത്രയും പരിമിതകാലം കൊണ്ട് ഇത്രയേറെ വിൽപ്പന നേടാനാവുമെന്നു കമ്പനി കരുതിയതല്ല. ഇന്ത്യ നൽകിയ മികച്ച വരവേൽപ് പരിഗണിച്ചാണ് ആഗോള വിപണികളിലുള്ള അഞ്ചു ‘മിനി’ മോഡലുകളും ഇന്ത്യയിലുമെത്തിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ആഗോളതലത്തിലെന്ന പോലെ ‘കൂപ്പർ എസി’നാണ് ഇന്ത്യയിലും വിൽപ്പനയേറെ; 31.40 ലക്ഷം രൂപയാണു കാറിനു വില.