രണ്ടു ദിവസം കൊണ്ടൊരു പാലം

നമ്മുടെ നാട്ടിൽ ഒരു മേൽപാലം നിർമ്മിക്കണമെങ്കിൽ എത്ര സമയം എടുക്കും? ചുരുങ്ങിയത് ഒരു രണ്ടു വർഷം അല്ലേ? റെക്കാർഡ് വേഗതയിൽ പൂർത്തികരിക്കുന്ന പാലമായാൽ പോലും ഒരു വർഷമെങ്കിലും വേണം. ഇനി അഞ്ചു വർഷം ആയിട്ടും പൂർത്തീകരിക്കാത്ത പാലങ്ങളുമുണ്ട് ഇവിടെ. ചൈനയില്‍ റെക്കാർഡ് വേഗത്തിൽ പൂർത്തികരിച്ചൊരു പാലത്തിന്റെ വിഡിയോയാണിപ്പോൾ സോഷ്യൽ മിഡിയയിൽ വൈറൽ ആയിരിക്കുന്നത്.

സാൻയുവാൻ മേൽപാലം

വെറും 43 മണിക്കൂറുകൊണ്ടാണ് ഈ മേൽപാലം നിർമ്മിച്ച് ഗതാഗതയോഗ്യമാക്കിയത്. രണ്ടു ദിവസത്തിനുള്ളിൽ നിർമ്മിച്ചു എന്നു കരുതി ചെറിയ പാലമാണെന്നു കരുതരുത്, 55 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള പത്തു വരി പാലമാണിത്. ചൈനീസ് നാഷണൽ ഹൈവേ 101 ലാണ് മാറ്റി സ്ഥാപിച്ച സാൻയുവാൻ മേൽപാലം സ്ഥിതി ചെയ്യുന്നത്. 1984 ൽ നിർമ്മിച്ച ബീജിങ്ങിലെ പ്രധാന റോ‍‍ഡുകളിലൊന്നിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത് അതുകൊണ്ടു തന്നെ അധിക ദിവസം പാലം അടച്ചിടാൽ ഉണ്ടാകുന്ന ഗാതാഗത കുരുക്കുകൾ വളരെ വലുതായിരിക്കും.

സാൻയുവാൻ മേൽപാലം ഗതാഗത യോഗ്യമായപ്പോൾ

മേൽ പാലത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ നേരത്തെ നിർമ്മിച്ച് തയ്യാറാക്കി വെച്ചിരുന്നു. ഏകദേശം 12 മണിക്കൂറുകൊണ്ടാണ് പഴയ പാലം പൊളിച്ചുമാറ്റിയത്. അതിനു ശേഷം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന 1300 ടൺ കോൺക്രീറ്റ് സ്ലാബ് പാലത്തിന് മുകളിൽ സ്ഥാപിച്ചു. 2015 നവംബർ 13 ന് 11 മണിക്ക് ആരംഭിച്ച പാലം പണി നവംബർ 15ന് രാവിലെ ആറ് മണിക്ക് പൂർത്തിയായി. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് പാലം നിർ‌മ്മിച്ചതെന്നും പരമ്പരാഗത രീതികൾ പിന്തുടർന്നാൽ രണ്ടുമാസമെങ്കിലുമെടെത്തേനെ പൂർത്തിയാകാ‍ൻ എന്നുമാണ് പാലത്തിന്റെ നിർമ്മാതാക്കൾ പറഞ്ഞത്.