ദുരിതബാധിതരെ സന്ദർശിക്കാൻ യെഡിയൂരപ്പയ്ക്ക് ഒരു കോടിയുടെ കാർ

യെഡിയൂരപ്പ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം.

കടുത്തവേനലും കൊടുംവരൾച്ചയും മൂലം ദുരിതത്തിലായ ജനങ്ങളെ സന്ദർശിക്കാൻ ബിജെപിയുടെ മുന്‍ കർണാടക തലവനും 2018 ൽ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ യെഡിയൂരപ്പയ്ക്ക് ഒരു കോടി രൂപയുടെ അത്യാഡംബര എസ്‌യുവി. ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ -യിലാണു ദുരിതബാധിത പ്രദേശങ്ങൾ യെഡിയൂരപ സന്ദർശിക്കുക. ഏപ്രിൽ 24-നാണു സന്ദർശനം തുടങ്ങുന്നത്.

ബിജെപിയുടെ പുതിയ സംസ്ഥാന തലവനായി നിയമിതനായ മുൻ ഇൻഡസ്ട്രീസ് മന്ത്രി മുരുഗേഷ് എൻ നിരാണിയാണു വാഹനം സമ്മാനിച്ചത്. ചുമതലയേറ്റെടുക്കുന്ന ആദ്യദിനത്തോട് അനുബന്ധിച്ചായിരുന്നു സമ്മാനം. തുറന്ന വാഹനത്തിൽ നിന്നു തന്നെ ജനങ്ങളെ അഭിസംബോധന ചെയ്യാനാകുന്ന തരത്തിൽ സൺറൂഫ് സൗകര്യവും എസ്‌യുവിയിലുണ്ട്.

യെഡിയൂരപ്പക്കു സമ്മാനമായി ലഭിച്ച എസ് യു വി ലാൻഡ് ക്രൂയിസർ പ്രാഡോ .

2982 സിസി കരുത്തുള്ള വാഹനം ആദ്യമായി കഴിഞ്ഞ ദിവസമാണു യെഡിയൂരപ്പ ഉപയോഗിച്ചത്. സ്വകാര്യവസതിയിൽ നിന്നും ബിജെപി ഓഫീസിലേക്കായിരുന്നു കന്നിയാത്ര. എന്തായാലും കോടി രൂപ വിലയുള്ള വാഹനം കണ്ട പാർട്ടി അനുഭാവികൾ വാഹനത്തിനൊപ്പം നിന്നു സെൽഫി എടുക്കുന്നതിൽ മൽസരിക്കുന്നതു കാണാമായിരുന്നു.

എന്നാൽ കൊടുംവേനലിൽ കഷ്ടതയനുഭവിക്കുന്ന ജനങ്ങളെ സന്ദർശിക്കാൻ ആഡംബര വാഹനം ഉപയോഗിക്കുന്നതിനെതിരെയുള്ള വിമർശനങ്ങളെ തള്ളിയ യെഡിയൂരപ്പ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു. ആഡംബര വാഹനം തനിക്കു സമ്മാനമായി തന്ന നിരാണി ലക്ഷ്യമിടുന്നത് തന്റെ സുരക്ഷയും സൗകര്യവുമാണെന്നും കടുത്തവേനലിൽ ഇത്തരം ആഡംബരവാഹനം ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നു പ്രഖ്യാപിക്കാനും യെഡിയൂരപ മറന്നില്ല.