‘വെറോണി’ന്റെ പിൻഗാമി ‘കൈറോൺ’

ആഗോള വിപണികളിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ സൂപ്പർ കാറായ ‘വെറോണി’ന്റെ പിൻഗാമിയുടെ പേർ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ബ്യുഗാട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത മാർച്ചിൽ നടക്കുന്ന ജനീവ മോട്ടോർ ഷോയിൽ അരങ്ങേറ്റം കുറിക്കുന്ന കാറിന് ‘കൈറോൺ’ എന്നാവും പേര്. 1920 — 1930 കാലത്ത് ബ്യൂഗാട്ടി വർക്സ് ഡ്രൈവറായിരുന്ന ലൂയിസ് കൈറോണിനുള്ള ആദരമായാണു പുതിയ കാറിനു കമ്പനി ഈ കാർ സ്വീകരിച്ചത്. ഇതിനെല്ലാമപ്പുറത്ത് ഗ്രീക്ക് പുരാണത്തിലും ‘കൈറോണി’ന് ഇടമുണ്ട്; മനുഷ്യന്റെ തലയും കുതിരയുടെ ഉടലും സമന്വയിക്കുന്ന സെന്റോറുകളിലെ ഏറ്റവും കേമനായാണു ‘കൈറോണി’നെ ഗ്രീക്ക് പുരാണം വാഴ്ത്തുന്നത്. വൈദ്യശാസ്ത്രം, സംഗീതം, അമ്പെയ്ത്ത്, വേട്ട, പ്രവചനം തുടങ്ങി പല മേഖലകളിലും വളർത്തച്ഛനായ അപ്പോളൊയുടെ കഴിവുകളോടു കിട പിടിക്കുന്ന സാമർഥ്യം കൈമുതലാക്കിയ ‘കൈറോണി’നു യുവത്വം നിലനിർത്താനുള്ള അപൂർവ സിദ്ധിയും സ്വന്തമായിരുന്നത്രെ.

Bugatti Chiron Concept

അതേസമയം ലോകത്തെ മികച്ച റേസിങ് ഡ്രൈവറായിരുന്നു തങ്ങളുടെ കൈറോണെന്നാണു ബ്യുഗാട്ടിയുടെ അവകാശവാദം; അതുകൊണ്ടുതന്നെ പുതിയ കാറും മികച്ചതിൽ കുറഞ്ഞതാവില്ലെന്നു കമ്പനി ഉറപ്പു നൽകുന്നു. ലോകത്തെ ഏറ്റവും കരുത്തുറ്റതും ആഡംബര സമൃദ്ധവുമായ കാറാവുമെന്നു കരുതുന്ന ‘കൈറോൺ’ സൂപ്പർ സ്പോർട്സ് കാർ വിഭാഗത്തിലെ ഏറ്റവും വ്യക്തിത്വമുള്ള പ്രൊഡക്ഷൻ മോഡലുമാവുമെന്നാണു ബ്യുഗാട്ടിയുടെ വാഗ്ദാനം. പരീക്ഷണങ്ങൾ പൂർത്തിയായിട്ടില്ലെങ്കിലും ‘കൈറോണി’നു നൂറോളം ഓർഡറുകൾ ലഭിച്ചു കഴിഞ്ഞെന്നാണു ബ്യുഗാട്ടിയുടെ വെളിപ്പെടുത്തൽ. മുൻഗാമിയായ ‘വെറോണി’ന്റെ നിർമാണം 400 യൂണിറ്റിലൊതുക്കിയ ബ്യുഗാട്ടി ഇത്തവണ പക്ഷേ 500 ‘കൈറോൺ’ നിർമിച്ചു വിൽക്കാനാണു തയാറെടുക്കുന്നത്. ഔദ്യോഗിക നാമകരണം കഴിയുമ്പോഴും പുതിയ കാറിന്റെ സാങ്കേതിക വിഭാഗത്തെപ്പറ്റി ബ്യുഗാട്ടി മനസ്സു തുറന്നിട്ടില്ല. എങ്കിലും ‘വെറോണി’നു കരുത്തേകിയ എട്ടു ലീറ്റർ, ക്വാഡ് ടർബോ, ഡബ്ല്യു 16 എൻജിന്റെ പരിഷ്കൃത രൂപമാവും കാറിൽ ഇടംപിടിക്കുകയെന്നാണു വിലയിരുത്തൽ. മണിക്കൂറിൽ 500 കിലോമീറ്റർ വേഗം കൈവരിച്ച് ലോകത്തിലെ ഏറ്റവും വേഗമേറിയതും കരുത്തേറിയതുമായ പ്രൊഡക്ഷൻ കാർ എന്ന പെരുമയും ‘കൈറോണി’ലൂടെ ബ്യുഗാട്ടി ലക്ഷ്യമിടുന്നുണ്ടാവാം.

വേറിട്ട കാലാവസ്ഥയിലും വ്യത്യസ്തമായ റോഡ് സാഹചര്യത്തിലും പുതിയ കാറിന്റെ പ്രകടനക്ഷമതയാണ് ഇപ്പോൾ കമ്പനി വിലയിരുത്തുന്നത്. ഇത്തരം മുന്തിയ സൂപ്പർ സ്പോർട്സ് കാറുകൾക്ക് പതിവില്ലാത്ത, വിപുലമായ നിരീക്ഷണ, പരീക്ഷണങ്ങളാണു ‘കൈറോണി’നായി ബ്യുഗാട്ടി നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം ‘വെറോൺ’ പോലുള്ള സൂപ്പർ കാറുകൾ ഫോക്സ്വാഗനു കാര്യമായ നേട്ടം സമ്മാനിച്ചിട്ടില്ലെന്ന വാദത്തിനിടയിലാണു ബ്യുഗാട്ടി ‘കൈറോണി’ന്റെ അരങ്ങേറ്റം പ്രഖ്യാപിച്ചത്. രണ്ടു സീറ്റുള്ള ‘വെറോൺ’ സ്പോർട്സ് കാർ 23 ലക്ഷം യൂറോ(ഏകദേശം 16.46 കോടി രൂപ)യ്ക്കാണു ബ്യുഗാട്ടി വിറ്റത്. പക്ഷേ സ്വർണവും ടൈറ്റാനിയവും പോഴ്സലീനുമൊക്കെ ഉപയോഗിച്ചുള്ള കാർ വികസനത്തിന്റെയും രൂപകൽപ്പനയുടെയും ഫലമായി ഓരോ ‘വെറോണി’ലും ഫോക്സ്വാഗന് 46 ലക്ഷം യൂറോ(ഏകദേശം 32.93 കോടി രൂപ) വരെ നഷ്ടമുണ്ടായിരിക്കാമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഇത്തരം കണക്കുകൂട്ടലുകളോടു പ്രതികരിക്കാൻ ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്യുഗാട്ടി തയാറായിട്ടില്ല. ഫോക്സ്വാഗൻ ഗ്രൂപ്പിലെ മറ്റു കമ്പനികളെ പോലെ വരവും ചെലവും സംബന്ധിച്ചു കൃത്യമായ ധാരണയോടെയാണു പ്രവർത്തനമെന്നാണു ബ്യുഗാട്ടിയുടെ നിലപാട്.