കാർ വിപണി ടോപ്‍ഗിയറിൽ

മാന്ദ്യത്തിന്റെ കാലങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കാർ വിപണി ടോപ്‍ഗിയറിൽ. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ രാജ്യത്തെ കാർ വിൽപനയിലുണ്ടായതു വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. മുൻകൊല്ലത്തെക്കാൾ എട്ടു ശതമാനത്തോളമാണ് വർധന. 2014–15 ൽ 18,77,706 കാർ വിറ്റ സ്ഥാനത്ത് 2015–16ൽ 20,25,479 കാർ വിറ്റഴിക്കാനായി.

പുതിയ മോഡലുകൾ അവതരിപ്പിച്ചതും ഉയർന്ന ഡിസ്കൗണ്ടുകൾ നൽകിയതും ഇന്ധനവിലയിലെ കുറവുമാണ് വിൽപന ഉയരാൻ കാരണമെന്നു വിലയിരുത്തപ്പെടുന്നു. ഉയർന്ന പലിശനിരക്ക്, ഡീസൽ കാറുകളുടെ കാര്യത്തിൽ സർക്കാരിന്റെയും കോടതിയുടെയും ഇടപെടൽ കാരണമുണ്ടായ ആശയക്കുഴപ്പം തുടങ്ങിയ പ്രതികൂല ഘടകങ്ങളുണ്ടായിരുന്നപ്പോഴാണു വിപണി വളർച്ച നേടിയതെന്നു വാഹന വ്യവസായി സംഘടന ‘സിയം’ പറഞ്ഞു.

ഇക്കൊല്ലം 6–8% വളർച്ചയാണു പ്രതീക്ഷിക്കാവുന്നതെന്നും സിയം ഡപ്യൂട്ടി ഡയറക്ടർ സുഗതോ സെൻ പറഞ്ഞു. ബജറ്റിൽ ഏർപ്പെടുത്തിയ സെസ്, ഉയർന്ന പലിശനിരക്ക് തുടങ്ങിയവ വിപണിയെ ബാധിക്കും. രണ്ടക്ക വളർച്ച നേടുമെന്നായിരുന്നു നേരത്തേയുള്ള നിഗമനം. 2015–16ൽ ഇരുചക്ര വാഹനവിപണി മൊത്തത്തിൽ 3.01% വളർച്ച നേടി. 1,64,55,911 വാഹനങ്ങളാണു വിറ്റത്. മുൻകൊല്ലം 1,59,75,561 ആയിരുന്നു. എന്നാൽ ബൈക്ക് വിൽപന 0.24% കുറഞ്ഞ് 1,07,00,466 എണ്ണമായി. വാണിജ്യ വാഹനങ്ങളുടെ വിൽപനയിൽ 11.51% വർധനയുണ്ട്. 6,85,704 എണ്ണം വിറ്റഴിഞ്ഞു.