പകർപ്പവകാശലംഘനം: ചൈനയിൽ ബി എം ഡബ്ല്യുവിന് അനുകൂല വിധി

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ലുവിനോടു സമാനമായ വ്യാപാരമുദ്രകൾ റജിസ്റ്റർ ചെയ്ത രണ്ടു കമ്പനികൾക്കെതിരെ ചൈനയിൽ നടപടി. കമ്പനികളും അവയിൽ ഒന്നിന്റെ സ്ഥാപകനും ചേർന്ന് 30 ലക്ഷം യുവാൻ(ഏകദേശം 2,93,04,664 രൂപ) ബി എം ഡബ്ല്യുവിന് നഷ്ടപരിഹാരം നൽകാനാണു ചൈനീസ് കോടതിയുടെ വിധി. രാജ്യാന്തര ബ്രാൻഡുകളുടെ അനുകരണങ്ങൾ വിപണി വാഴുന്ന ചൈനയിലെ കോടതികൾ വിദേശ വ്യാപാര മുദ്രകളോടും റജിസ്ട്രേഷനോടുമൊക്കെ ഗൗരവപൂർണമായ നിലപാട് സ്വീകരിക്കാൻ തുടങ്ങുന്നതിന്റെ സൂചനയായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.

കേസിലെ പ്രതിയായ ഷൂ ലെക്വിൻ ജർമൻ ബി എം ഡബ്ല്യു ഗ്രൂപ് (ഇന്റർനാഷനൽ) ഹോൾഡിങ്സ് ലിമിറ്റഡ് എന്ന പേരിനെ അനുകരിച്ചു ഡ്യൂഗൊ ബവോമ ഗ്രൂപ് (ഇന്റർനാഷനൽ) ഹോൾഡിങ്സ് ലിമിറ്റഡ് 2008ൽ ചൈനയിൽ റജിസ്റ്റർ ചെയ്തെന്നു ഷാങ്ഹായ് ഇന്റലക്ച്വൽ പ്രോപ്പർട്ടി കോടതി വിലയിരുത്തി. തുടർന്ന് എം ഡബ്ല്യുവിന്റെ വ്യാപാര മുദ്രയോടു സാമ്യമുള്ള ‘ബി എം എൻ’ എന്ന പേരും ട്രേഡ്മാർക്കും ലെക്വിൻ വാങ്ങിയെടുത്തു. ബി എം ഡബ്ല്യുവിന്റെ വ്യാപാര മുദ്രയെ അനുകരിക്കുന്ന വിധത്തിൽ സ്വന്തം ലോഗോ കാലക്രമേണ പരിഷ്കരിച്ചു വ്യാപാരം നടത്തിയതിനാണു ഫാഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ചുവാങ്ജിയയയ്ക്കു പിഴശിക്ഷ വിധിച്ചത്.

വസ്ത്രങ്ങൾ, ഷൂസ്, ബാഗ് തുടങ്ങിയവയ്ക്കു കമ്പനി ഈ പേരിൽ ട്രേഡ്മാർക്കും സ്വന്തമാക്കി. വ്യാപാരമുദ്രകളെ അനുകരിച്ചും ബൗദ്ധിക സ്വത്തവകാശത്തിൽ അതിക്രമിച്ചു കടന്നും കമ്പനികൾ ബി എം ഡബ്ല്യുവിന്റെ ജനപ്രീതി മുതലെടുത്തെന്നാണു കോടതി വിലയിരുത്തിയത്. അതേസമയം കോടതി വിധിയോടു പ്രതികരിക്കാൻ ബി എം ഡബ്ല്യുവോ ഡ്യൂഗൊ ബവോമ ഗ്രൂപ്പോ ചുവാങ്ജിയയോ ലെക്വിനോ തയാറായിട്ടില്ല.