ബാഗിലൊതുക്കാവുന്ന വാഹനമായി ‘വോക്ക് കാർ’

തോൾസഞ്ചിയിൽ സൂക്ഷിക്കാവുന്ന ‘കാറു’മായി ജാപ്പനീസ് യുവഎൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം രംഗത്ത്. ‘വോക്ക് കാർ’ എന്നു പേരിട്ട് കൊക്കോ മോട്ടോഴ്സിലെ കുനിയാകൊ സൈത്തോ(26)യും സംഘവും വികസിപ്പിച്ച സഞ്ചാര മാധ്യമത്തിനു മണിക്കൂറിൽ 10 കിലോമീറ്ററാണു പരമാവധി വേഗം.

കാഴ്ചയിൽ സ്കേറ്റ് ബോർഡിനെ അനുസ്മരിപ്പിക്കുന്ന, ലാപ് ടോപ്പിന്റെ വലിപ്പമുള്ള ‘വോക്ക് കാറി’നു കരുത്തേകുന്നതു ലിത്തിയം അയോൺ ബാറ്ററിയാണ്. ഈ ബാറ്ററി മൂന്നു മണിക്കൂർ ചാർജ് ചെയ്താൽ 12 കിലോമീറ്റർ വരെ ഓടുന്ന കാറിന്റെ നിയന്ത്രണമാവട്ടെ സഞ്ചാരിയുടെ ഭാരത്തിലെ ക്രമീകരണങ്ങളിലൂടെയുമാണ്. ലൈറ്റ് വെയ്റ്റ് അലൂമിനിയത്തിൽ തീർത്ത ‘വോക്ക് കാറി’ന് 120 കിലോഗ്രാം വരെ ഭാരം വഹിക്കാനാവും.

‘വോക്ക് കാറി’ൽ ആളു കയറി നിന്നാലുടൻ അതു ചലിച്ചു തുടങ്ങും. ഓട്ടമാറ്റിക്കായി സ്റ്റാർട്ട് ആവുന്ന ‘വോക്ക് കാർ’ സഞ്ചാരി നിലത്തിറങ്ങിയാലുടൻ ഓഫ് ആകുകയും ചെയ്യും.വലിപ്പം തീർത്തും കുറവായതിനാൽ ‘വോക്ക് കാർ’ സൂക്ഷിക്കാൻ സ്ഥലം തേടി അലയേണ്ടെന്ന നേട്ടവുമുണ്ട്; ഉപയോഗം കഴിഞ്ഞാലുടൻ ‘കാറി’നെ ചെറിയൊരു ബാഗിനുള്ളിലാക്കാം.

വ്യക്തികളുടെ സഞ്ചാരത്തിനപ്പുറമുള്ള ഉപയോഗങ്ങളും ‘വോക്ക് കാറി’നുണ്ടെന്നാണു സൈത്തോയുടെ പക്ഷം; ഉദാഹരണത്തിന് വീൽ ചെയർ ഉന്തുന്നതുപോലുള്ള ജോലികൾ ആയാസരഹിതമാക്കാനും ഈ ഉപകരണത്തിനാവുമത്രെ.

ഗതാഗത സൗകര്യം ഒപ്പം കൊണ്ടു നടക്കാനാവുമോ എന്ന ചിന്തയാണു ‘വോക്ക് കാർ’ എന്ന ആവിഷ്കാരത്തിലേക്കു നയിച്ചതെന്നു സൈത്തോ വിശദീകരിക്കുന്നു. ഇതു സാധ്യമായാൽ സ്വന്തം ഗതാഗത സംവിധാനം എപ്പോഴും കൂട്ടിനുണ്ടാവുമെന്നതായിരുന്നു അദ്ദേഹം കണ്ട നേട്ടം.

ഏതാനും മാസത്തിനകം തന്നെ ‘വോക്ക് കാറി’നുള്ള ബുക്കിങ്ങുകൾ ക്രൗഡ് ഫണ്ടിങ് സൈറ്റായ കിക്ക്സ്റ്റാർട്ടറിൽ സ്വീകരിച്ചു തുടങ്ങുമെന്നും സൈത്തോ വെളിപ്പെടുത്തുന്നു. മിക്കവാറും 800 ഡോളർ(ഏകദേശം 51,200 രൂപ) ആവുമത്രെ ഈ അത്ഭുത വാഹനത്തിനു വില.