നാം കൊതിച്ചീടുമീ കോൺടെസ...

സൽസ പോലെ കോൺടെസയും മദ്യത്തിന്റെ പേരായാണിപ്പോൾ ബഹുമാനിക്കപ്പെടുന്നത്. അംബാസഡർ നിർമാതാക്കളായ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ ആഡംബര മോഡലായിരുന്നു കോൺടെസ. അമേരിക്കൻ സെഡാനുകളുടെയോ മസിൽ കാറുകളുടെയോ ഗണത്തിൽപ്പെടുത്താവുന്ന പരന്ന കാർ. സംഗതി ലുക്ക് ആയിരുന്നു. മുതലാളിമാരുടെ കാർ-നാട്ടിലും സിനിമയിലും. പക്ഷേ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ പരാധീനതകളിൽ കുടുങ്ങി. കുറേക്കാലം മുൻപ് കോൺടെസ നിലച്ചു.

ക്ലാസിക് കോൺടെസയുടെ ആരാധകർ പലയിടത്തും കൂട്ടായ്മകളുണ്ടാക്കി. നല്ലകാലത്തിന്റെ പുനർജനി ഒരുക്കുകയാണിപ്പോൾ. അന്നത്തെ ഉടമകളല്ല. അന്നു വെറും പയ്യൻസ് ആയിരുന്ന യുവാക്കളാണ് ഇതിനു പിന്നിലെന്നു മാത്രം. തൃശൂർ സ്വദേശി ജിതിൻ കുമാറും കൊച്ചിയിലെ സിന്റോയുമൊക്കെ ചേർന്നുണ്ടാക്കിയ ക്ലാസിക് കോൺടെസ ക്ലബിൽ ഇപ്പോൾ അംഗങ്ങൾ 25 കഴിഞ്ഞു. പലർക്കും ഒന്നിലേറെ കോൺടെസയുണ്ട്. ഇടയ്ക്കിടെ ചെറുതും വലുതുമായ റോഡ് ഷോകൾ നടത്തുന്നു. സ്പെയർ പാർട്സ് ക്ഷാമമില്ലെന്നത് കോൺടെസ ഉടമകൾക്കു സൗകര്യമാകുന്നു. ഒട്ടേറെപ്പേർ കോൺടെസ വാങ്ങി ക്ലബിൽ ചേരാൻ വരുന്നുണ്ടെന്നു ജിതിൻ പറയുന്നു. മോഡിഫൈ ചെയ്ത് ചെത്താൻ സെക്കൻഡ് ഹാൻഡ് വിദേശ കാറുകൾ തേടുന്നവർക്ക് തികച്ചും ദേശി ആയ കോൺടെസയിലേക്കു നോക്കാൻ തടസമില്ലെന്നു തെളിയുകയുമാണ്. ആർക്കും വേണ്ടാതെ കിടന്ന കോൺടെസകൾക്ക് വില കുതിക്കാനും ഇതുപോലുള്ള പ്രസ്ഥാനങ്ങൾ കാരണമായിട്ടുണ്ട്.