ഓൾട്ടൊയെ വെല്ലാൻ റെ‍ഡി ഗോ എത്തും ജൂൺ ആദ്യം

RediGo

ചെറു ഹാച്ച് സെഗ്‍മെന്റിലെ മുൻനിരക്കാർക്ക് ഭീഷണിയാകാനെത്തുന്ന ഡാറ്റ്സൺ റെഡി ഗോ ജൂൺ ആദ്യം പുറത്തിറങ്ങും. അർബൻ ക്രോസോവർ എന്ന വിശേഷണത്തോടെ കഴിഞ്ഞ ഏപ്രിൽ 14ന് അവതരിപ്പിച്ച ‘റെഡി ഗോ’യുടെ പ്രീബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

RediGo

ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപന ചെയ്ത് ഇന്ത്യയിൽ നിർമിച്ച ‘റെഡി ഗോ’ വാഹനപ്രേമികളെ ആഹ്ലാദിപ്പിക്കുമെന്നാണു നിസ്സാൻ മോട്ടോർ ഇന്ത്യ കരുതുന്നത്. രാജ്യത്തെ ആദ്യ അർബൻ ക്രോസോവർ വാഹനമെന്ന പെരുമയും ‘റെഡി ഗോ’യ്ക്കു സ്വന്തമാണെന്നാണു കമ്പനിയുടെ അവകാശവാദം. ഉടമകൾക്ക് ഉല്ലാസവും സ്വാതന്ത്രവും ഉറപ്പു നൽകുന്ന ‘റെഡി ഗോ’ ഇന്ത്യയിലെ പരമ്പരാഗത കോംപാക്ട് ഹാച്ച്ബാക്ക് വിപണിയെ ഇളക്കിമറിക്കുമെന്നും നിസാൻ കരുതുന്നു.

RediGo

ഡാറ്റ്സൻ ശ്രേണിയിൽ ഹാച്ച്ബാക്കായ ‘ഗോ’യ്ക്കും വിവിധോദ്ദേശ്യവാഹന (എം പി വി) -മായ ‘ഗോ പ്ലസി’നുമിടയിലാവും ‘റെഡി ഗോ’യുടെ സ്ഥാനം. ഈ അർബൻ ക്രോസോവറിലൂടെ യുവാക്കളെയും ആദ്യമായി കാർ വാങ്ങുന്നവരെയുമൊക്കെയാണു ഡാറ്റ്സൻ നോട്ടമിടുന്നത്. കാറിനു കരുത്തേകുന്നതു റെനോ ‘ക്വിഡി’ലൂടെ മികവു തെളിയിച്ച 800 സിസി, മൂന്നു സിലിണ്ടർ പെട്രോൾ എൻജിൻ തന്നെ. തുടക്കത്തിൽ ‘ക്വിഡി’ലെ പോലെ അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ വകഭേദം മാത്രമാകും ലഭ്യമാകുക. വൈകാതെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) വകഭേദവും ലഭ്യമാവുമെന്നാണു സൂചന.