159 കിലോമീറ്റർ 12 മിനിറ്റിൽ; ദുബായ് – അബുദാബി യാത്രയ്ക്ക് ഹൈപ്പർലൂപ്

ഹൈപ്പർലൂപ്

ദുബായ് ∙ ഒന്നര മണിക്കൂർ വേണ്ട ദുബായ് – അബുദാബി യാത്ര 12 മിനിറ്റായി കുറയ്ക്കാൻ ഹൈപ്പർലൂപ് പദ്ധതി വരുന്നു. കുറഞ്ഞ മർദമുള്ള ട്യൂബിലൂടെ നിലംതൊടാതെ, വെടിയുണ്ടകണക്കേ സഞ്ചരിക്കുന്ന ഡ്രൈവറില്ലാ വാഹനമാണിത്. വേഗം മണിക്കൂറിൽ 1200 കിലോമീറ്റർ.

ദുബായിൽനിന്നു യുഎഇയിലെ മറ്റൊരു എമിറേറ്റായ ഫുജൈറയിലേക്കും സമാന പദ്ധതി പരിഗണനയിലുള്ളതായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ദുബായിൽനിന്ന് അബുദാബിയിലേക്കുള്ള ദൂരം 159.4 കിലോമീറ്ററാണ്; കേരളത്തിലാണെങ്കിൽ തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്കുള്ള ദൂരത്തിലേറെ.

ദുബായ് ഹൈപ്പർലൂപ് പദ്ധതിയുടെ മാതൃക.

ദുബായ് – അബുദാബി പദ്ധതിക്കു രൂപരേഖ തയാറാക്കാൻ ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ഹൈപ്പർലൂപ് വൺ എന്ന യുഎസ് കമ്പനിയും തമ്മിൽ ധാരണയിലായി. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലായിരുന്നു പ്രഖ്യാപനം. അഞ്ചു വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാകുമെന്നാണു കമ്പനി അവകാശപ്പെടുന്നത്.

വിമാനത്തെക്കാൾ സുരക്ഷ, അതിവേഗ റെയിലിനെക്കാൾ കുറഞ്ഞ നിർമാണ – അറ്റകുറ്റപ്പണിച്ചെലവ്, പ്രവർത്തനത്തിന് ഒരു സൈക്കിളിന്റെയത്ര മാത്രം ഊർജം തുടങ്ങിയവയാണു ഹൈപ്പർലൂപ്പിന്റെ പ്രത്യേകതകളായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, പദ്ധതിച്ചെലവു വ്യക്തമായി പറഞ്ഞിട്ടില്ല. ലോകത്തെവിടെയും ഇത് ഇതുവരെ നടപ്പാക്കിയിട്ടില്ല.